വീടുകളിൽ ചികിത്സയിലുള്ളവർക്കായി ഓക്സിജൻ സംവിധാനം ഒരുക്കുന്ന പ്രവർത്തനം ആരംഭിച്ചു

വീടുകളിൽ ചികിത്സയിലുള്ള രോഗികൾക്ക് അടിയന്തര ഘട്ടങ്ങളിൽ ഓക്സിജൻ കോൺസെന്ററേറ്ററുകൾ എത്തിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. ഓക്സിജൻ സഹായം ആവശ്യമായ കോവിഡ്, കോവിഡിതര രോഗികളെ ലക്ഷ്യമിട്ടാണ് കോൺസെന്ററേറ്ററുകൾ എത്തിക്കുന്നത്.

കൊച്ചി കോർപ്പറേഷൻ പരിധിയിൽ മൂന്ന് കോൺസെന്ററേറ്ററുകൾ പ്രവർത്തന സജ്ജമായി. കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം മുഖേനയാണ് സൗകര്യം ലഭ്യമാക്കുന്നത്. കിടപ്പ് ചികിത്സയിൽ ഉള്ളവർക്ക് അടിയന്തരഘട്ടങ്ങളിൽ ഓക്സിജൻ ഉറപ്പാക്കുവാൻ ലക്ഷ്യമിട്ടുള്ള ഇവയുടെ പ്രവർത്തനം വിവിധ താലൂക്ക് അടിസ്ഥാനത്തിൽ ജില്ലയിൽ വ്യാപിപ്പിക്കും .

കോവിഡ് രോഗികൾക്ക് അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി ജില്ലയിൽ കൂടുതൽ ഓക്സിജൻ കിടക്കകൾ തയ്യാറാക്കുന്നുണ്ട്. പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രങ്ങൾക്ക് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റെറുകൾ (എഫ്.എൽ.ടി.സി), ഡൊമിസിലറി കെയർ സെന്റെറുകൾ (ഡി.സി.സി.) എന്നിവിടങ്ങളിലും ഓക്സിജൻ കിടക്കകൾ ഒരുങ്ങുകയാണ്.

ഇത്തരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തയ്യാറാക്കുന്ന ഓക്സിജൻ കിടക്കൾക്കാവശ്യമായ ഓക്സിജൻ സിലിൻഡറുകൾ ജില്ലയിലെ കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനത്തിലൂടെ ഉറപ്പാക്കും. പൊതു, സ്വകാര്യ ചികിത്സ കേന്ദ്രങ്ങളിലായി ആറായിരത്തോളം ഓക്സിജൻ കിടക്കകൾ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ യുദ്ധകാല അടിസഥാനത്തിൽ പുരോഗമിക്കുകയാണ്.