കാസർഗോഡ്:    ജില്ലയിലെ അതിഥിത്തൊഴിലാഴികള്‍ക്കുള്ള കിറ്റ് വിതരണം കാഞ്ഞങ്ങാട് ആരംഭിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ 250 തൊഴിലാളികള്‍ക്കാണ് കിറ്റ് നല്‍കിയത്. ബുധനാഴ്ച കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ കിറ്റ് വിതരണം ചെയ്യും. അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം അടിസ്ഥാനമാക്കി തൊഴിലുടമകള്‍ക്ക് കീഴില്‍ അല്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് തൊഴില്‍ വകുപ്പിന്റെയും സപ്ലൈകോയുടെയും സഹകരണത്തോടെ കിറ്റ് വിതരണം ചെയ്യുന്നത്.

അഞ്ചു കിലോ അരി, ആട്ടയും കടലയും രണ്ട് കിലോ വീതം, എണ്ണ, തുവരപ്പരിപ്പ്, സവോള എന്നിവ ഒരു കിലോ വീതം, 100 ഗ്രാം മുളക്‌പൊടി, അഞ്ച് മാസ്‌ക് തുടങ്ങിയവ അടങ്ങുന്ന 10 ഇനങ്ങളുള്ള 1000 കിറ്റുകളാണ് ജില്ലയില്‍ ആദ്യഘട്ടത്തില്‍ തയ്യാറാക്കിയത്. ഇത് തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിച്ച് നല്‍കും.

തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഓരോയിടങ്ങളിലും നേരിട്ടെത്തി നടത്തുന്ന അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം പുരോഗമിക്കുകയാണെന്നും വിവരശേഖരണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും ജില്ല ലേബര്‍ ഓഫീസര്‍ എം കേശവന്‍ പറഞ്ഞു
തൊഴിലുടമകള്‍ക്ക് കീഴില്‍ പണിയെടുക്കുന്ന അതിഥിത്തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും ഉറപ്പാക്കാന്‍ തൊഴിലുടമകള്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൊഴിലിടങ്ങളിലും ഫാക്ടറികളിലും ജോലി ചെയ്യുന്നവര്‍ക്ക് അവിടെത്തന്നെ താമസ സൗകര്യം നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തില്‍ ഭീതിയിലായ അതിഥിത്തൊഴിലാളികളെ ബോധവല്‍കരിക്കുന്നതിനായി ഹിന്ദി സംസാരിക്കുന്ന ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ ഉള്‍പ്പെടുന്ന സംഘം ജില്ലയില്‍ അതിഥി തൊഴിലാളികള്‍ പണിയെടുക്കുന്ന തൊഴിലിടങ്ങളില്‍ നേരിട്ടെത്തി തൊഴിലാളികളുടെ ആശങ്ക അകറ്റിയിരുന്നു. തൊഴിലാളികള്‍ ജില്ല വിട്ടു പോകേണ്ടതില്ലെന്നും തൊഴിലവസരം ഉറപ്പു വരുത്തുമെന്നും തൊഴിലാളികളെ ഇവര്‍ ബോധ്യപ്പെടുത്തി. ഇതിനുമുറമെ അതിഥിത്തൊഴികള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 0499 4256950, 9495340746, 7025661216.

അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ നല്‍കണം

അതിഥിത്തൊഴിലാളികളുടെ വിവരശേഖരണത്തില്‍ ഇവരുടെ വിവരങ്ങള്‍ തൊഴിലാളികള്‍ക്ക് നേരിട്ടോ, അല്ലെങ്കില്‍ തൊഴിലുടമ, താമസിക്കുന്ന കെട്ടിടഉടമ എന്നിവര്‍ക്കോ നല്‍കാവുന്നതാണ്. പേര്, വയസ്സ്, സ്വദേശ ജില്ല, സംസ്ഥാനം, ആധാര്‍ നമ്പര്‍, താമസിക്കുന്ന/ജോലി ചെയ്യുന്ന സ്ഥലം, മൊബൈല്‍ നമ്പര്‍ (വാട്ട്‌സാപ്പ്), വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടോ, കേരളത്തിലേക്ക് വന്ന തീയതി എന്നീ വിവരങ്ങളാണ് ശേഖരിക്കുന്നത്. അതിഥി തൊഴിലാളികളില്‍ ആശങ്ക സൃഷ്ടിക്കപ്പെടാതിരിക്കാന്‍ ഇവര്‍ക്ക് കോവിഡ് ബോധവത്കരണസന്ദേശങ്ങള്‍ പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന വേളയില്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ നല്‍കും.

കാഞ്ഞങ്ങാട്, വെളളരിക്കുണ്ട് താലൂക്കുകളിലെ അതിഥിതൊഴിലാളികളുടെ വിവരങ്ങള്‍ 9946261737 എന്ന നമ്പറില്‍ വാട്ട്‌സാപ്പ് സന്ദേശമായോ, asstlabourkhd@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ, കാസര്‍കോട്, മഞ്ചേശ്വരം താലൂക്കിലെ വിവരങ്ങള്‍ 9495744002 നമ്പറിലോ, alokasaragod@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസ് 0499 4256950, കാഞ്ഞങ്ങാട് അസി ലേബര്‍ ഓഫീസ് 0467 2204602, കാസര്‍കോട് അസി.ലേബര്‍ ഓഫീസ് 0499 4257850 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.