കൊല്ലം: ജില്ലയില്‍ മെയ് 14 നും 15 നും അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നില്‍ക്കണ്ട് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

കെടുതി നേരിടാന്‍ മുന്നൊരുക്കത്തിന് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യത മുന്‍നിര്‍ത്തി മുന്‍കരുതലുകള്‍ സ്വീകരിക്കണം. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കണം.
ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ അപകട സാധ്യതയുള്ളവരെ ആവശ്യമായ ഘട്ടത്തില്‍ മാറ്റി താമസിപ്പിക്കുകയും വേണം.

ക്യാമ്പുകള്‍ ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തണം. ആഴക്കടലില്‍ പോയവരെ തിരികെ എത്തിക്കണം. മത്സ്യബന്ധനത്തിനായി പോയിരിക്കുന്ന മത്സ്യത്തൊഴിലാളികളിലേക്ക് മുന്നറിയിപ്പുകള്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക.

മല്‍സ്യബന്ധന ഗ്രാമങ്ങളിലും തുറമുഖങ്ങളിലും ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പുകള്‍ അറിയിക്കേണ്ടതാണ്. കാറ്റില്‍ തകര്‍ന്ന് വീഴാന്‍ സാധ്യതയുള്ള പോസ്റ്റുകള്‍, ഹോര്‍ഡിങ്ങുകള്‍, മരങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കണം.അപകട സാധ്യത പരമാവധി ലഘൂകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. താലൂക്ക് കണ്‍ട്രോള്‍ റൂമുകളും ജില്ലാ കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.