കോവിഡ് രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ ഓക്‌സിജന്‍ വാര്‍റൂം പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലുള്ള എല്ലാ കോവിഡ് ആശുപത്രികളിലും ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് നടപടി. കൃത്യത ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സ്വകാര്യ ആശുപത്രികള്‍ ദിവസേന ആവശ്യമായ ഓക്‌സിജന്റെ അളവ് – ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വാര്‍ റൂമില്‍ ലഭ്യമാക്കണം. ഇതിനായി ഓരോ ആശുപത്രിക്കും ഒരു നോഡല്‍ ഓഫീസറും വോളണ്ടിയര്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഓക്‌സിജന്‍ ലഭ്യത പരിശോധിക്കാന്‍ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനവും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യതയും ഉപയോഗവും സംബന്ധിച്ച് നല്‍കുന്ന വിവരങ്ങളുടെ കൃത്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം. ഓക്‌സിജന്‍ ഏറ്റവും അത്യാവശ്യമായി വരുന്ന രോഗികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും വാര്‍ റൂം പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എല്ലാ ദിവസവും വൈകിട്ട് നാല് മണിക്ക് മുന്‍പായി നല്‍കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.
ആരോഗ്യ വിഭാഗം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലെ 15 ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിലവില്‍ 27 ആശുപത്രികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.