കോഴിക്കോട്:   കോവിഡ് വ്യാപിക്കുന്നതിൻ്റെ പാശ്ചാത്തലത്തിൽ ജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പ് വരുത്തുന്നതിന് ജില്ലയിൽ ‘സാന്ത്വനം’ സൗജന്യ ടെലി കൗൺസിൽ സംവിധാനം ആരംഭിച്ചു. ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, ആരോഗ്യ വകുപ്പിൻ്റെ ജില്ലാ മാനസികാരോഗ്യ പരിപാടി, വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

രോഗ ബാധിതർ, നിരീക്ഷണത്തിൽ കഴിയുന്നവർ, അവരുമായി ബന്ധപ്പെട്ടവർ, കോവിഡ് പ്രതിരോധ പ്രവർത്തകർ തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട് മാനസിക സമ്മർദ്ധവും പിരിമുറുക്കവും അനുഭവിക്കുന്നവർക്ക് ടെലി കൗൺസലിങ് സൗകര്യം പ്രയോജനപ്പെടുത്താം.

പ്രത്യേക പരിശീലനം ലഭിച്ച ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കൗൺസിലർമാർ, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലർമാർ , എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കൗൺസലർമാർ എന്നിവരുടെ സേവനം സാന്ത്വനം വഴി ലഭ്യമാകും. സന്നദ്ധസേവനത്തിന് തയ്യാറായി മുന്നോട്ടു വന്ന ജില്ലയിലെ കൗൺസിലർമാരെ ഉൾപ്പെടുത്തി പ്രത്യേക പാനലും രൂപീകരിച്ചിട്ടുണ്ട്. 9495002270, 9400866004, 9744109070, 8590919025 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിൽ എല്ലാ ദിവസവും രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ സേവനം ലഭിക്കും.