കൊല്ലം: കോവിഡ് ചികിത്സയ്ക്കായി ചവറയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കെ. എം. എം. എല്‍-ജില്ലാ പഞ്ചായത്ത് സംയുക്തസംരംഭമായി തുടങ്ങിയ ചികിത്സാ കേന്ദ്രത്തിന്റെ സുഗമ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ കാര്യനിര്‍വഹണ സമിതിയെ നിയോഗിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഓക്സിജന്‍ ലഭ്യമാക്കുന്നത് മുതല്‍ കോവിഡിന്റെ സങ്കീര്‍ണതകള്‍ക്ക് അനുസൃതമായ ചികിത്സയും അതിനാവശ്യമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിനാണ് സംവിധാനം.

ജില്ലാ കലക്ടര്‍ അധ്യക്ഷനായ ഉന്നതതല സമിതിക്കാണ് പൊതുമേല്‍നോട്ട ചുമതല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയലാണ് സഹഅധ്യക്ഷന്‍. ജില്ലാ വികസന കമ്മിഷണര്‍ ആസിഫ് കെ. യൂസഫ്, കെ. എം. എം. എല്‍ മാനേജിംഗ് ഡയറക്ടര്‍ ജെ. ചന്ദ്രബോസ് എന്നിവരാണ് അംഗങ്ങള്‍. സമിതിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായരെ ചുമതലപ്പെടുത്തി.
ചികിത്സാ കേന്ദ്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും മരുന്ന് ലഭ്യമാക്കുന്നതും ചികിത്സാ സംവിധാനം ഒരുക്കുന്നതും ജില്ലാ പഞ്ചായത്തിന്റെ ചുമതലയാണ്.