സംസ്ഥാനത്തൊട്ടാകെയുള്ള കോവിഡ് ആശുപത്രികളിൽ ദ്രുത സുരക്ഷാ ഓഡിറ്റ് നടത്താൻ ഉത്തരവായി. ഓഡിറ്റ് ടീം രൂപീകരിക്കാൻ അതത് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കാണ് ചുമതല.
തീപിടിത്തം, ഓക്‌സിജൻ ലീക്ക് തുടങ്ങിയ അപകടങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കി അപകടങ്ങൾ ഒഴിവാക്കാനാണ് നടപടി.
റവന്യൂ/ ദുരന്തനിവാരണ വകുപ്പ് പ്രതിനിധിയാണ് ജില്ലകളിലെ ടീം ലീഡർ. ഫയർ ആൻഡ് റസ്‌ക്യൂ ഡിപ്പാർട്ട്മെന്റ്, ആരോഗ്യവകുപ്പ്, എൽ.എസ്.ജി.ഡി (എൻജിനിയറിങ് വിങ്)/ പി.ഡബ്ല്യൂ.ഡി, ഇലക്ട്രിക്കൽ ഇൻസപെക്ടറേറ്റ്, ഓഡിറ്റ് ചെയ്യപ്പെടുന്ന ആശുപത്രിയിലെ പ്രതിനിധി എന്നിവർ ടീമിലുണ്ടാകണം.
ബന്ധപ്പെട്ട സ്വകാര്യ കോവിഡ് ആശുപത്രികളിലെ മെഡിക്കൽ സൂപ്രണ്ടുമാർ എന്നിവർ ഓഡിറ്റിങിന് ആവശ്യമായ സഹായം നൽകണം.
ദ്രുത സുരക്ഷാ ഓഡിറ്റിന്റെയും അനുബന്ധ കണ്ടെത്തലുകളെയും അടിസ്ഥാനമാക്കി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംസ്ഥാനതല ആശുപത്രികളുടെ കാര്യത്തിലും ഇ.എസ്.ഐ ആശുപത്രികളുടെ കാര്യത്തിൽ ഇ.എസ്.ഐയും സഹകരണ ആശുപത്രികളുടെ കാര്യത്തിൽ സഹകരണ ആശുപത്രി മാനേജ്മെന്റുകൾക്കും കുറവുകൾ പരിഹരിക്കാൻ നടപടി കൈക്കൊള്ളണം. കോവിഡ് സെക്കന്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളും (സി.എസ്.എൽ.ടി.സി.എസ്) കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെയും (സി.എഫ്.എൽ.ടി.സി.എസ്) പ്രദേശികമായ അഡ്ഹോക് ക്രമീകരണങ്ങൾ ഡി.ഡി.എം.എകൾ വിലയിരുത്തി ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.