ഇടുക്കി: ദുരന്ത പ്രതിരോധത്തിനും ലഘൂകരണത്തിനും ഉപകാരപ്രദമാകുന്ന ജില്ലയിലെ എല്ലാ വിഭവങ്ങളുടേയും സാമഗ്രികളുടേയും വാഹനങ്ങളുടേയും കണക്ക് ശേഖരിച്ച് നിയന്ത്രണ ഉദ്യോഗസ്ഥരായ ജില്ലാതല ഉദ്യോഗസ്ഥര്‍ ജില്ലാ ദുരന്ത നിവാരണ സമിതിയ്ക്ക് ലഭ്യമാക്കണമെന്ന് അദ്ധ്യക്ഷന്‍ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ നിര്‍ദ്ദേശിച്ചു.

വെള്ളപ്പൊക്കവും മണ്ണിടിച്ചിലുപോലുള്ള അത്യാഹിതങ്ങളുണ്ടായാല്‍ മാറ്റി പാര്‍പ്പിക്കേണ്ടവരുടെ പട്ടികയും തഹസീല്‍ദാര്‍മാര്‍ ശേഖരിച്ച് സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ദുരന്ത പ്രതികരണ സമിതിയുടെ മഴക്കാല പൂര്‍വ്വ ഓണ്‍ലൈണ്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥരുടെ അധീനതയിലുള്ള വസ്തുക്കളുടെ സംരക്ഷണക്കുറവുകൊണ്ട് അപകടമോ ജീവഹാനിയോ ഉണ്ടായാല്‍ നിയന്ത്രണാധികാരികള്‍ ഉത്തരവാദിയായിരിക്കും.

സ്വാകര്യ സ്ഥലങ്ങളിലെ വൃക്ഷങ്ങളില്‍ നിന്നോ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഉയരത്തിലുള്ള നിര്‍മ്മാണങ്ങള്‍ മൂലമോ ഉണ്ടാകുന്ന അപകടങ്ങള്‍ക്കും അപായങ്ങള്‍ക്കുമെതിരെ ഉടമസ്ഥര്‍ക്കെതിരെ കേസെടുക്കുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അദ്ധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി. പടുതാക്കുളത്തിന് ഉടമസ്ഥര്‍ സുരക്ഷാവേലി കെട്ടിയിട്ടുണ്ടെന്ന് തദ്ദേശസ്ഥാപനം ഉറപ്പുവരുത്തണം. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ അനുമതിയില്ലാതെ അപകടകരമായ നിലയില്‍ പടുതാക്കുളങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

റോഡരികിലേക്ക് അപകടകരമായ നിലയില്‍ ചാഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍ പൊതുമരാമത്ത്, വനം, ദേശീയപാത, സോഷ്യല്‍ ഫോറസ്ട്രി, തദ്ദേശഭരണ സ്ഥാപനം എന്നിവയുടെ മേല്‍നോട്ടത്തില്‍ വെട്ടി നീക്കണം. സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ നില്‍ക്കുന്നവ ഉടമസ്ഥര്‍ മുറിച്ചു മാറ്റണം. മാറ്റാത്തവയുണ്ടെങ്കില്‍ ട്രീകമ്മറ്റി യോഗം ചേര്‍ന്ന് സ്വകാര്യ ഭൂമിയിലെ ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ വെട്ടിനീക്കുന്നതിന് ഉടമസ്ഥര്‍ക്ക് നോട്ടീസ് നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. എന്നിട്ടും മുറിച്ചു മാറ്റാതെ അപകടം സംഭവിക്കുകയാണെങ്കില്‍ ഭൂവുടമ അതിന് ഉത്തരവാദി ആയിരിക്കും. ഇത് സംബന്ധിച്ച് പഞ്ചായത്തിനും ആര്‍ഡിഒമാര്‍ക്കും ലഭിച്ച പരാതികള്‍ക്ക് എത്രയും വേഗം നടപടികള്‍ ഉണ്ടാകണം. സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരത്ത് അപകടകരമായ നിലയിലുള്ള മരങ്ങള്‍ ഓഫീസ് മേധാവി നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണം.

കോവിഡിന്റെ പാശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാല്‍ പരിഗണിക്കുന്നതിനായി കോവിഡ് കോവിഡേതര രോഗികളെ മാറ്റി പാര്‍പ്പിക്കുന്നതിന് പ്രത്യേക കെട്ടിടങ്ങള്‍ തഹസീല്‍ദാര്‍മാര്‍ കണ്ടുവെയ്ക്കണം. വെള്ളം കവിഞ്ഞൊഴുകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. ദിശാബോര്‍ഡുകളുടേയും മുന്നറിയിപ്പുബോര്‍ഡുകളുടേയും കാഴ്ച മറയ്ക്കുന്ന കുറ്റിക്കാടുകള്‍ വെട്ടി നീക്കണം. മെയ് 31നകം സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ദുരന്ത നിവാരണ സമിതിയെ അറിയിക്കണം.

മണ്ണിടിച്ചില്‍ മൂലമുണ്ടായേക്കാവുന്ന ഗതാഗത തടസ്സം നീക്കം ചെയ്യുന്നതിന് ലഭ്യമാക്കാന്‍ ജെസിബി, ഹിറ്റാച്ചി, ലോറികള്‍ എന്നിവയുടെ പട്ടിക ശേഖരിച്ചു കഴിഞ്ഞെന്ന് ആര്‍ ടി ഒ യോഗത്തെ അറിയിച്ചു. അഗ്‌നി സുരക്ഷ സേനയ്ക്ക് ലക്ഷ്യമാക്കിയിട്ടുള്ള അസ്‌കലൈറ്റ്, ചെയിന്‍ സോ എന്നിവ പ്രവര്‍ത്തന സജ്ജമാണെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു. കോവിഡ് ആശുപത്രികളില്‍ ഓക്സിജന്‍ സാന്നിദ്ധ്യം കൂടുതലുള്ള ഇടങ്ങളില്‍ അഗ്‌നിബാധയ്ക്കുള്ള സാധ്യത മുന്നില്‍ക്കണ്ട് സുരക്ഷ ഉറപ്പാക്കണം. തദ്ദേശസ്ഥാപനങ്ങളിലെ സന്നദ്ധസേനാ അംഗങ്ങളെ ദുരന്ത പ്രതികരണത്തിന് സജ്ജമാക്കണം.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സജ്ജമാക്കേണ്ട കാര്യങ്ങള്‍ എത്രയും വേഗം സജ്ജമാക്കാന്‍ മെഡിക്കല്‍ ഓഫീസറോട് കളക്ടര്‍ ആവശ്യപ്പെട്ടു. മഴക്കാല പൂര്‍വ മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്ന് ഡിഎംഒ അറിയിച്ചു. ആശുപത്രികളിലെ ജനറേറ്ററുകള്‍ പ്രവര്‍ത്തന ക്ഷമമെന്ന് ഡിഎംഒ ഉറപ്പുവരുത്തണം. ഇത്തവണ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമ്പോള്‍ കോവിഡ് രോഗികള്‍ക്ക്, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍/ നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്ക്, എന്നിവര്‍ക്ക് പ്രത്യേക ക്യാമ്പുകള്‍ സജ്ജമാക്കണമെന്നും അതിനു വേണ്ട കെട്ടിടങ്ങള്‍ കണ്ടെത്തി വെയ്ക്കാനും തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

സ്‌കൂളുകള്‍ തുറന്ന് വൃത്തിയാക്കാനും ടോയ്ലറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചു.ഓടകള്‍ ക്ലീന്‍ ചെയ്യാനും പൊട്ടിയ സ്ലാബുകള്‍ മാറ്റാനും യോഗം നിര്‍ദ്ദേശിച്ചു. പടുതാക്കുളം, തടയിണ, ക്വാറികള്‍, ചെക്ഡാമുകള്‍ തുടങ്ങിയവയുടെ സുരക്ഷ ഉറപ്പാക്കണം. സ്വകാര്യ വ്യക്തികള്‍ തങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ജലസംഭരണിയുടെ വിവരങ്ങള്‍ മൈനര്‍ ഇറിഗേഷന്‍ ഓഫീസില്‍ അറിയിക്കണം. ഇതുമായി ബന്ധപ്പെട്ട് എന്തെകിലും അപകടം നടക്കുകയാണെങ്കില്‍ കേസ് നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇവയുടെ സുരക്ഷ സംബന്ധിച്ച് പ്രദേശം സന്ദര്‍ശിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.

ജില്ലയിലെവിടെയെങ്കിലും പുഴകളില്‍ മാലിന്യമടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുന്ന നിലയുണ്ടെങ്കില്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചാല്‍ ഫണ്ട് അനുവദിക്കും. ഓക്സിജന്‍, റേഷന്‍ കടകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍, പാല്‍ എന്നിവയുടെ വാഹനങ്ങളില്‍ ബോര്‍ഡ് സ്ഥാപിച്ചാല്‍ സുഗമമായ യാത്രയ്ക്ക് വഴിയൊരുക്കും. നിബന്ധനകള്‍ ലഘുകരിച്ച് ഫിനാന്‍സ് കമ്മീഷന്‍ ജില്ലയ്ക്ക് ഇക്കുറി അനുവദിച്ചിട്ടുള്ള ധനസഹായം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ കോവിഡ് ചികിത്സാ വിപുലീകരണത്തിന് ഉപയോഗിക്കാനും യോഗം തീരുമാനിച്ചു.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി, എഡിഎം അനില്‍കുമാര്‍, സബ് കളക്ടര്‍ പ്രേം കൃഷ്ണ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍ പ്രിയ, ആര്‍ഡിഒ മാര്‍, തഹസീല്‍ദാര്‍മാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, എസിഎഫ്, ഡിഎസ്ഒ തുടങ്ങി വിവിധ വകുപ്പുതല മേധാവികള്‍ പങ്കെടുത്തു.