ഒൻപത് ക്യാമ്പുകൾ തുറന്നു

ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് കൊയിലാണ്ടി, കോഴിക്കോട്, വടകര താലൂക്കുകളിലായി ഒൻപത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി. അരിക്കുളം വില്ലേജിൽ ഊരള്ളൂർ ചേമ്പും കണ്ടി മീത്തൽ യശോദ (71) തെങ്ങ് വീണു മരിച്ചു.

കോഴിക്കോട് താലൂക്കിൽ പന്നിയങ്കര വില്ലേജിലെ നദിനഗറിൽ കടൽ ക്ഷോഭം മൂലം ഒരു വീട്ടിലെ മൂന്നു പുരുഷന്മാരും ആറ് സ്ത്രീകളും ഉൾപ്പെടെ 11 ആളുകളെ പഴയ ഹെൽത്ത് സെൻട്രൽ കെട്ടിടത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. കസബ വില്ലേജിലെ തോപ്പയിൽ ജിഎൽപിഎസിൽ 16 പുരുഷന്മാരും 24 സ്ത്രീകളുൾപ്പെടെ 11 കുടുംബങ്ങളുണ്ട്. പുതിയങ്ങാടി വില്ലേജിൽ രണ്ട് ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. കോയ റോഡ് ജിഎംയുപിഎസിൽ ഏഴ് കുടുംബവും (13 പുരുഷന്മാരും 14 സ്ത്രീകളും) ചുങ്കം ജിയുപിഎസിൽ ഏഴ് കുടുംബവുമാണുള്ളത് (എട്ടു പുരുഷന്മാരും 11 സ്ത്രീകളും).

കൊയിലാണ്ടി താലൂക്കിൽ ചേമഞ്ചേരി വില്ലേജിൽ ഒരു വീട് പൂർണ്ണമായും രണ്ടു വീടുകൾ ഭാഗികമായും തകർന്നു. കടൽഭിത്തിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കാപ്പാട് മുനമ്പത്ത് അഴീക്കൽ കണ്ണൻ കടവ് നിന്നും 80 കുടുംബങ്ങളിലെ 390 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

ചെങ്ങോട്ടുകാവ് വില്ലേജിൽ ഒരു വീട് ഭാഗികമായി തകർന്നു. കാപ്പാട് ബീച്ച് റോഡിന് കടൽക്ഷോഭത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചു. ഏഴു കുടിക്കൽ പാലത്തിനു സമീപത്തുള്ള തകരാറിലായ സംരക്ഷണ ഭിത്തിയുടെ കേടുപാടുകൾ മേജർ ഇറിഗേഷൻ വിഭാഗവുമായി ബന്ധപ്പെട്ട് പരിഹരിച്ചു. രണ്ട് ക്യാമ്പുകളിൽ അഞ്ചു കുടുംബങ്ങളിലായി 26 പേർ ഉണ്ട്. ഒരു കുടുംബത്തിലെ ആറ് അംഗങ്ങളെ ജി.എൽ.പി.എസ് മാടാക്കരയിൽ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഒരു സ്ത്രീയും മൂന്ന് പുരുഷൻമാരും രണ്ട് കുട്ടികളുമാണുള്ളത് മാടാക്കര ദാറുസ്സലാം മദ്രസയിലെ ക്യാമ്പിൽ നാലു കുടുംബത്തിലെ 20 അംഗങ്ങളാണുള്ളത്. ഒൻപത് പുരുഷന്മാരും അഞ്ച് സ്ത്രീകളും ആറ് കുട്ടികളുമാണുള്ളത്.

വിയ്യൂർ വില്ലേജിൽ രൂക്ഷമായ കടൽക്ഷോഭം കാരണം കൊല്ലം പാറപ്പള്ളി ഭാഗത്തുനിന്നും ഏഴ് കുടുംബത്തിൽപ്പെട്ട 33 അംഗങ്ങളെ ശറഫുൽ ഇസ്‌ലാം മദ്രസയിൽ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. 12 സ്ത്രീകളും 11 പുരുഷന്മാരും 10 കുട്ടികളുമാണുള്ളത്.

പേരാമ്പ്ര വില്ലേജിൽ ഒരു വീട് പൂർണമായും തകർന്നു. രണ്ട് കുടുംബങ്ങളിൽനിന്നും അഞ്ചു അംഗങ്ങളെ പേരാമ്പ്ര വെസ്റ്റ് എയുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മൂന്നു പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ്.

കായണ്ണ വില്ലേജിൽ രണ്ടു വീടുകളും കൊഴുക്കല്ലൂർ ചങ്ങരോത്ത് വില്ലേജുകളിൽ ഒരു വീടും ഭാഗികമായി തകർന്നു. അവിടനല്ലൂർ വില്ലേജിൽ ഒരു വീട് ഭാഗികമായി തകർന്നു. ചെറുവണ്ണൂർ പെരിഞ്ചേരി കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിനായി മണ്ണ് തടയിട്ടത് മൂലമുണ്ടായ വെള്ളപ്പൊക്ക ഭീഷണി പരിഹരിച്ചിട്ടുണ്ട്.

വടകര താലൂക്കിൽ പുതിയ ബസ്റ്റാൻ്റ് പരിസരത്തെ താഴ്ന്ന പ്രദേശത്ത് താമസിച്ചിരുന്ന ഒരു വീട്ടിലെ അഞ്ചംഗ കുടുംബത്തെ വീട്ടിൽ വെള്ളം കയറി താമസ യോഗ്യമല്ലാതായതിനാൽ വടകര ബിഇഎം സ്കൂളിൽ മാറ്റിപ്പാർപ്പിച്ചു .പുതിയ സ്റ്റാൻ്റ് പ്രദേശത്തെ താഴ്ന്ന ഭാഗങ്ങളിൽ കിണർ വെള്ളം മലിനമായതിനെ തുടർന്ന് റവന്യു വകുപ്പിൻ്റെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്തു.

താമരശ്ശേരി താലൂക്കിൽ പുത്തൂർ വില്ലേജിൽ 17-ാം വാർഡിൽ ഷാജി അരീക്കൽ എന്നവരുടെ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് ചുമരിന് നാശനഷ്ടം സംഭവിച്ചു. കാന്തലാട് വില്ലേജിൽ വയലട കോട്ടക്കുന്ന് റോഡിൽ ചന്തച്ചം വീട്ടിൽ പ്രേമ എന്നവരുടെ വീടിൻ്റെ മേൽക്കൂര ഭാഗികമായി തകർന്നു. വീട്ടുകാരോട് മാറി താമസിക്കുവാൻ അറിയിച്ചു. പുതുപ്പാടി വില്ലേജിൽ
ഷംസീർ നടൂതൊടിക പുതുപ്പാടി എന്നവരുടെ വീടിന്റെ പിൻവശത്തുള്ള കോൺക്രീറ്റ് കെട്ട് ഇടിഞ്ഞുവീണ് വീടിന് ഭീഷണിയുണ്ട്. വീടിന്റെ അടുക്കള ഭാഗം ചുമരിന് വിള്ളലുമുണ്ട്. ഇലക്ട്രിക് പോസ്റ്റ് അപകടാവസ്ഥയിൽ ഉണ്ട്. വീട്ടുകാരോട് മാറി താമസിക്കാൻ അറിയിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര).