വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിത്തം വഹിച്ച് അടിമാലി ഗ്രാമപഞ്ചായത്ത്. ഇരുപത്തഞ്ച് ലക്ഷം രൂപ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പഞ്ചായത്ത് സംഭവന ചെയ്തു. ഗ്രാമപഞ്ചായത്തധികൃതര്‍ തുക മന്ത്രി എം എം മണിക്ക് കൈമാറി. വിവിധ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുന്നതിനിടയിലാണ് പഞ്ചായത്ത് വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയാകാന്‍ തീരുമാനിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു, സെക്രട്ടറി കെ എന്‍ സഹജന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അടിമാലിയില്‍ നടത്തിയ ചടങ്ങില്‍ പങ്കെടുത്തു. പള്ളിവാസല്‍, മൂന്നാര്‍, ദേവികുളം, കൊന്നത്തടി, വെള്ളത്തൂവല്‍ പഞ്ചായത്തുകളും ദേവികുളം ബ്ലോക്ക് പഞ്ചായത്തും ഇതിനോടകം വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി.