ഇടുക്കി ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന മഴയില്‍ വ്യാപക നാശനഷ്ടം. ഞായറാഴ്ച 4 വീടുകള്‍ പൂര്‍ണ്ണമായും 86 വീടുകള്‍ ഭാഗികമായും നശിച്ചതായാണ് കണക്കുകള്‍. ഇന്നലെ ഉടുമ്പന്‍ചോല താലൂക്കില്‍ 2 വീടുകള്‍ പൂര്‍ണ്ണമായും 23 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ദേവികുളം താലൂക്കില്‍ 14 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. പീരുമേട് താലൂക്കില്‍ ഒരു വീട് പൂര്‍ണ്ണമായും 42 വീടുകള്‍ ഭാഗിമായും നശിച്ചു.

തൊടുപുഴ താലൂക്കില്‍ ഒരു വീട് പൂര്‍ണ്ണമായും ഏഴ് വീടുകള്‍ക്ക് ഭാഗികമായും കേടുപാടുണ്ടായി. ഇതോടെ രണ്ടു ദിവസത്തെ കണക്കുകള്‍ പ്രകാരം 21 വീടുകള്‍ പൂര്‍ണ്ണമായും 354 വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി. ഇന്നലെ 89 ഹെക്ടര്‍ ഭൂമിയില്‍ കൃഷി നാശം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രണ്ട് ദിവസങ്ങളിലായി 294 ഹെക്ടര്‍ ഭൂമിയില്‍ കൃഷി നാശമുണ്ടായതാണ് പ്രാഥമിക വിവരം. കനത്ത മഴയെ തുടര്‍ന്നും, വീട് തകര്‍ന്നും ജില്ലയില്‍ 5 പേര്‍ക്ക് പരുക്കു പറ്റി. തങ്കമണി വില്ലേജില്‍ നാല് പേര്‍ക്കും, ദേവികുളം താലൂക്കില്‍ വീട് തകര്‍ന്ന് വീണ് ഒരാള്‍ക്കുമാണ് പരിക്കേറ്റത്.

വട്ടവടയില്‍ ഉണ്ടായത് വ്യാപക നാശനഷ്ടം

വെള്ളിയാഴ്ച രാത്രിയില്‍ വട്ടവട ഗ്രാമ പഞ്ചായത്തിലുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശ നഷ്ടങ്ങളാണുണ്ടായത്. വീടുകള്‍ തകര്‍ന്നതു കൂടാതെ വട്ടവട ടൗണിലെ അനവധി വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി പോസ്റ്റുകള്‍ പലയിടങ്ങളിലും ഒടിഞ്ഞ് വൈദ്യതി ബന്ധം പലയിടങ്ങളിലും നിലച്ചിരിക്കുകയാണ്. കൂടാതെ പല റോഡുകളിലും മണ്ണിടിച്ചില്‍ ഉണ്ടായി.

മരങ്ങള്‍ കടപുഴകി വീണ് സഞ്ചാരവും തടസപ്പെട്ടു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വേലായുധന്‍, വാര്‍ഡംഗം മനോഹരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറി ആര്‍ നന്ദകുമാര്‍, മറ്റ് ജീവനക്കാരായ സാജുമോന്‍, രാജഗോപാല്‍, രാകേഷ്, നിധിന്‍ എന്നിങ്ങനെ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

പല ഭാഗങ്ങളിലും തകര്‍ന്നു കിടക്കുന്ന അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്തു വരുന്നതായി സെക്രട്ടറി നന്ദകുമാര്‍ അറിയിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ നാശ നഷ്ടങ്ങള്‍ക്കാണ് വട്ടവട സാക്ഷ്യം വഹിച്ചത്.