പാലക്കാട്:   കോവിഡ് രോഗബാധ പ്രതിരോധിക്കാൻ കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുപ്രകാരം ടി.പി.ആർ (ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്) 40 ശതമാനത്തിൽ കൂടുതൽ വരുന്ന പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി.
ഇതുപ്രകാരം ഷോളയൂർ, അനങ്ങനടി, വല്ലപ്പുഴ, ആനക്കര, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല, എലപ്പുള്ളി, കൊടുവായൂർ, പല്ലശ്ശന, വടവന്നൂർ, കോങ്ങാട്, കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, പരുതൂർ, വിളയൂർ, കണ്ണാടി, കോട്ടായി, മാത്തൂർ, പെരിങ്ങോട്ടുകുറിശ്ശി, തേങ്കുറിശ്ശി, മങ്കര, പിരായിരി, കാവശ്ശേരി, അയിലൂർ, നെന്മാറ എന്നീ പഞ്ചായത്തുകളിലും മണ്ണാർക്കാട്, പട്ടാമ്പി എന്നീ നഗരസഭകളിലും കടകളുടെ പ്രവർത്തന സമയം നാളെ (മെയ് 17) മുതൽ രാവിലെ 7 തൊട്ട് ഉച്ചയ്ക്ക് 2 വരെ മാത്രമാക്കാനും തീരുമാനമായി. ഇത് നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
മേൽ പരാമർശിച്ച നിയന്ത്രണങ്ങൾക്ക് പുറമേ കടകളിലും മറ്റു സ്ഥാപനങ്ങളിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് നഗരസഭാ / പഞ്ചായത്ത് അധികൃതർ, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവർ സ്വമേധയാ തീരുമാനിക്കുന്നുണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട ഡിവൈഎസ്പി, സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവരെ അറിയിച്ച് നടപ്പിൽ വരുത്താവുന്നതാണ്.മേൽ സ്ഥലങ്ങളിൽ കണ്ടെയ്ൻമെന്റ് സോണുകൾ നിലവിലുണ്ടെങ്കിൽ കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ കൂടി ഇവിടെ ബാധകമായിരിക്കും.
നാളെ (മെയ് 17) മുതൽ 19 വരെ കോമോർബിഡിറ്റി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള 18 വയസ്സു മുതൽ 44 വയസ്സുവരെയുള്ളവർക്ക് വാക്സിനേഷൻ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വാക്സിനേഷൻ ആരംഭിക്കുന്ന ദിവസം മുതൽ വാക്സിനേഷൻ സെന്ററുകളിൽ തിരക്ക് അനുഭവപ്പെടാത്ത വിധത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ പോലീസ് മേധാവിക്ക് ചുമതല നൽകി.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, എഡിഎം എൻ. എം മെഹറലി, ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി റീത്ത എന്നിവർ പങ്കെടുത്തു.