പാലക്കാട്:    മുൻസിപ്പൽ/ പഞ്ചായത്ത് തലത്തിൽ ഡി.സി.സികൾ(ഡൊമി സിലറി കെയർ സെൻ്ററുകൾ) തുടങ്ങുന്നതിന് ജില്ലാ ഭരണകൂടത്തിൻ്റേയോ ഡി.ഡി. പിയുടെയൊ (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത്) മുൻകൂർ അനുമതി ആവശ്യമില്ലായെന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന മുൻസിപ്പാലിറ്റി, ത്രിതല പഞ്ചായത്ത്തല യോഗത്തിൽ തീരുമാനമായി.
ഡി.സി.സി ജീവനക്കാരെ അതത് പഞ്ചായത്തുകൾ/ മുനിസിപ്പാലിറ്റികൾ നിയമിക്കേണ്ടതും അവരുടെ ശമ്പളം സർക്കാർ ഉത്തരവ് പ്രകാരം നൽകേണ്ടതുമാണെന്ന് യോഗം തീരുമാനിച്ചു. ഡി.സി.സി കളിൽ നിയമിക്കുന്ന എ.എൻ.എം,/ നേഴ്സിംഗ് സ്റ്റാഫ്/വളണ്ടിയർമാർ/ ക്ലിനിംഗ് സ്റ്റാഫ് എന്നിവരെ ബന്ധപ്പെട്ട പി.എച്ച്.സികളിൽ നിന്നും പരിശീലനം നൽകിയ ശേഷം മാത്രമേ ഡൂട്ടിയ്ക്കു നിയോഗിക്കാവു എന്ന് യോഗത്തിൽ തീരുമാനമായി.
ഡി.സി.സി കൾ തുടങ്ങിയശേഷം കിടക്കകളുടെ എണ്ണം, സ്റ്റാഫ് ,സ്ഥലം എന്നിവ സംബന്ധിച്ച് ഡി.സി.സി നോഡൽ ഓഫീസറെ അറിയിക്കണം. മുൻസിപ്പാലിറ്റികളും പഞ്ചായത്തുകളും ആംബുലൻസ്, ആൻ്റി ജൻ ടെസ്റ്റ് കിറ്റുകൾ, സുരക്ഷാ സാമഗ്രികൾ എന്നിവ പ്ലാൻ ഫണ്ട്/ പ്രൊജക്റ്റ് മുഖേന വാങ്ങാവുന്നതാണെന്ന നിർദ്ദേശവും യോഗത്തിലുണ്ടായി.
ജനപ്രതിനിധികൾ, വളണ്ടിയർമാർ, ഭിന്നശേഷിക്കാർ, ക്ഷീരസംഘങ്ങളിലെ ജീവനക്കാർ, റേഷൻ വ്യാപാരികൾ എന്നിവർക്ക് വാക്സിനേഷനിൽ മുൻഗണന നൽകുന്നത് സംബന്ധിച്ച് സംസ്ഥാന തല യോഗങ്ങളിൽ ശ്രദ്ധയിൽ പെടുത്താനും യോഗം തീരുമാനിച്ചു.
18 മുതൽ 44 വയസ്സ് വരെയുള്ളവരെയുള്ള അനുബന്ധ രോഗമുള്ളവർക്ക് സർക്കാർ മാർഗ്ഗ നിർദ്ദേശമനുസരിച്ച് വാക്സിനേഷൻ നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനുമോൾ , മുൻസിപ്പൽ ചെയർമാൻമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, സബ്കളക്ടർ അർജുൻ പാണ്ഡ്യൻ, അസിസ്റ്റൻറ് കളക്ടർ അശ്വതി ശ്രീനിവാസ്, ജില്ലാ മെഡിക്കൽ ഓഫീസർ( ആരോഗ്യം) ഡോക്ടർ കെ.പി റീത്ത തുടങ്ങിയവർ ഓൺലൈനായി നടന്ന യോഗത്തിൽ സംബന്ധിച്ചു.