പാലക്കാട്:   ജില്ലയിൽ വിവിധ വകുപ്പുകൾ നടത്തിവരുന്ന മഴക്കാലപൂർവ്വ മുന്നൊരുക്കങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി.
താഴെ പറയുന്ന നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി.
1. ഡാമുകളുടെയും റിസർവോയറുകളുടെയും കേടുവന്ന ഷട്ടറുകളുടെ അറ്റകുറ്റ പണികൾ അടിയന്തിരമായി പൂർത്തിയാക്കാനും ചെക്ക് ഡാമുകളിൽ മണ്ണും ചെളിയും അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ അവ ഉടൻ നീക്കംചെയ്യാനും ജലസേചന വകുപ്പിന് നിർദ്ദേശം നൽകി.
2. വെള്ളം തുറന്നു വിടുന്ന സാഹചര്യങ്ങളിൽ മതിയായ സുരക്ഷാ മുന്നൊരുക്കം നടത്താനും ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി.
3. അപകട ഭീഷണിയുള്ള മരക്കൊമ്പുകൾ മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ പൊതുമരാമത്ത്, വൈദ്യുതി, പഞ്ചായത്ത് എന്നീ വകുപ്പുകൾ സ്വീകരിക്കണം.
4. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിസരത്തുള്ള അപകട ഭീഷണിയുള്ള മരച്ചില്ലകളും മരങ്ങളും മുറിച്ചു മാറ്റുന്നതിന് സ്ഥാപനമേധാവി നടപടി എടുക്കണം.
5. വരും ദിവസങ്ങളിൽ പാമ്പുകടിയേൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ ബോധവത്കരണം, ചികിത്സാ സംവിധാനം എന്നിവ ഒരുക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) നടപടി സ്വീകരിക്കണം.
6. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട ബോട്ടുകളുടെയും മറ്റു രക്ഷാ സംവിധാനങ്ങളുടെയും ലഭ്യത മുൻകൂട്ടി ഉറപ്പുവരുത്തുന്നതിന് ജില്ലാ ഫയർ ഓഫീസർക്ക് നിർദ്ദേശം നൽകി.
7. പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്ന മഴക്കാലപൂർവ്വ പ്രവർത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടരെ നിയോഗിച്ചു.
8. വെള്ളം ഒഴുകി പോകുന്ന എല്ലാ സ്രോതസ്സുകളും സുഗമമാക്കാനുള്ള നടപടികൾ ജലസേചനം, നഗരസഭ, പഞ്ചായത്ത് അധികൃതർ സ്വീകരിക്കണം.
9. ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിക്കുന്ന മുന്നറിയിപ്പും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുകളും കീഴുദ്യോഗസ്ഥർക്ക് യഥാസമയം ലഭിക്കുന്നുണ്ടെന്ന് പോലീസ്, പഞ്ചായത്ത്, റവന്യൂ, ജലസേചനം, ഫയർ ആൻഡ് റെസ്ക്യൂ, വൈദ്യുതി, ജലവിതരണം, ആരോഗ്യം എന്നീ വകുപ്പുകളിലെ മേധാവികൾ ഉറപ്പുവരുത്തണം.
10. പ്രളയ സാധ്യത മുന്നിൽകണ്ട് ഓറഞ്ച് ബുക്കിലെ നിർദ്ദേശപ്രകാരമുള്ള നടപടികൾ എല്ലാ വകുപ്പും സ്വീകരിക്കേണ്ടതാണ്.
11. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓറഞ്ച് ബുക്കിലെ നിർദ്ദേശപ്രകാരം പ്രത്യേക ക്യാമ്പുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ നഗരസഭാ, പഞ്ചായത്ത്,വില്ലേജ്, അധികൃതർ സ്വീകരിക്കണം.
കോവിഡ്: നിർദ്ദേശങ്ങൾ ഇപ്രകാരം
1. ശക്തമായ കാറ്റും മഴയും മിന്നലും വരുംദിവസങ്ങളിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ജില്ലയിലെ കോവിഡ് ആശുപത്രികളിലും, സി.എഫ്. എൽ. റ്റി. സി, സി.എസ്.എൽ. ടി.സി, ഡി.സി.സി, ഓക്സിജൻ ഉൽപാദന വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ 24 മണിക്കൂറും വൈദ്യുതി തടസ്സം നേരിടാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വൈദ്യുതി വകുപ്പിന് നിർദേശം നൽകി.
2. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ജനറേറ്റർ സംവിധാനം ഉറപ്പുവരുത്താനും ടെക്നിക്കൽ ജീവനക്കാരുടെ സേവനം ആവശ്യഘട്ടങ്ങളിൽ ലഭ്യമാക്കുന്നതിനും വൈദ്യുതി വകുപ്പിന് ചുമതല നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോൾ, ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, എ ഡി എം എൻ.എം മെഹറലി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ പി റീത്ത, മലമ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീകുമാർ, ജില്ലാ ഫയർ ഓഫീസർ വി. കെ ഋദീജ്, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.