ഇടുക്കി: അടിമാലി താലൂക്കാശുപത്രിയില്‍ ബുധനാഴ്ച്ച മുതല്‍ കൊവിഡ് ചികിത്സ ആരംഭിക്കുമെന്ന് അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി അറിയിച്ചു. ആശുപത്രിയുടെ പുതിയ ബ്ലോക്കിലാണ് ചികിത്സ ആരംഭിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ ലക്ഷ്യമിട്ടായിരുന്നു ആരോഗ്യവകുപ്പിന്റെ ഇടപെടലിലൂടെ അടിമാലി താലൂക്കാശുപത്രിയിലും കൊവിഡ് ചികിത്സാ കേന്ദ്രം സജ്ജമായത്. നാല്‍പ്പതോളം കിടക്കകളാണ് ആശുപത്രിയില്‍ കൊവിഡ് ക്രമീകരിക്കുകയെന്ന് ഭരണസമതിയംഗങ്ങള്‍ അറിയിച്ചു. ആശുപത്രിയിലെ ഒപി പുതിയ ക്രമീകരണങ്ങളോടെ മുടക്കമില്ലാതെ നടക്കും. ക്യാഷ്വാല്‍റ്റിയും പ്രസവ ശുശ്രൂഷയും സാധാരണനിലയില്‍ തുടരും. ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്ത് തുക അനുവദിച്ചതായും വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ വിവിധ കോണുകളില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിച്ചതായും ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി വ്യക്തമാക്കി.

#COVID19 #adimali