എറണാകുളം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന കോവിഡ് ഡൊമിസിലറി കെയർ സെന്ററുകളിലെ (ഡി.സി.സി) പകുതി കിടക്കകളിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിന് ബന്ധപ്പെട്ട പൊതു ആരോഗ്യകേന്ദ്രങ്ങൾക്ക് അധികാരം നൽകാൻ ജില്ലാ ദുരന്തനിവാരണ സമിതി യോഗം തീരുമാനിച്ചു.
പകുതി കിടക്കകളിൽ താലൂക്ക്തല കേന്ദ്രീകൃത സംവിധാനത്തിലൂടെ രോഗികളെ മാറ്റും. ഡി.സി.സികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
ചെല്ലാനം പഞ്ചായത്തിൽ നാളെയും മറ്റന്നാളും പ്രെവിഷണൽ സ്റ്റോറുകൾ, ശുചികരണ സാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവർത്തനാനുമതി നൽകും. കടലാക്രമണത്തിൽ വെള്ളം കയറിയ വീടുകൾ ശുചീകരിക്കുന്നതിനായാണ് ഇളവ് അനുവദിക്കുന്നത്.
വാർഡ്തല കർമസമിതികളുടെ നേതൃത്വത്തിൽ ഇവിടങ്ങളിൽ പരമാവധി ഹോം ഡെലിവറി സേവനം ലഭ്യമാക്കണമെന്നും ജില്ലാ ദുരന്തനിവാരണ സമിതി യോഗം നിർദ്ദേശിച്ചു.തിരഞ്ഞെടുക്കപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ പാൽ, പാലുൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്നതിനായി ക്ഷീരവകുപ്പ് ജീവനക്കാരെ നിയോഗിക്കും.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഫലപ്രദമാകുന്നതായും ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞ് വരുന്നതായും യോഗം വിലയിരുത്തി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽ കുമാർ, ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, പോലീസ്, ആരോഗ്യവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.