പത്തനംതിട്ട: പ്രമാടം ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് അവലോകന യോഗം ചേര്‍ന്നു. അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തിലാണ് അവലോകന യോഗം ചേര്‍ന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനിത് അധ്യക്ഷത വഹിച്ചു.
വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതായി യോഗം വിലയിരുത്തി.
വാര്‍ഡ് തലത്തില്‍ നടത്തുന്ന കര്‍ശന ഇടപെടലിലൂടെ രോഗവ്യാപനം തടയാന്‍ സാധിക്കുന്നതായി യോഗം വിലയിരുത്തി. ഇതിനാല്‍ വാര്‍ഡ് തലത്തില്‍ നടത്തുന്ന ഇടപെടല്‍ തുടരാന്‍ യോഗം തീരുമാനിച്ചു. പഞ്ചായത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, കൂടുതല്‍ കാര്യക്ഷമമാക്കി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയും ചെയ്തു. പഞ്ചായത്ത് തലത്തില്‍ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം 24 മണിക്കൂറും കാര്യക്ഷമമായി നടക്കുന്നുണ്ട്.
ചുമതലക്കാര്‍ മികച്ച ഇടപെടല്‍ നടത്തുന്നുണ്ട്. എല്ലാ വാര്‍ഡുകളിലും സന്നദ്ധ സേന പ്രവര്‍ത്തകരെ സംഘടിപ്പിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങളും സജീവമാണ്.പ്രതിരോധ വാക്‌സിന്‍ വിതരണം ചിട്ടയോടും, തിരക്ക് ഒഴിവാക്കിയുമാണ് നടക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്.
ഹോമിയോ, ആയുര്‍വേദ വകുപ്പുകളുടെ പ്രതിരോധ പ്രവര്‍ത്തനവും നടക്കുന്നുണ്ട്.
മരുന്നും, ഭക്ഷണവും എല്ലാ വാര്‍ഡുകളിലും വിതരണം ചെയ്യുന്നുണ്ട്. ഇതിനായി പ്രവര്‍ത്തനം നടത്തുന്ന വോളന്റിയര്‍മാരുടെ സേവനം എടുത്തു പറയേണ്ടതാണെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. രോഗബാധിതര്‍ക്കൊപ്പം തന്നെ നെഗറ്റീവ് ആകുന്നവരുടെ എണ്ണവും അനുപാതികമാണ്. കൂടുതല്‍ ഇടപെടലിലൂടെ രോഗബാധിതരുടെ എണ്ണം കുറച്ചു കൊണ്ട് വരാന്‍ കഴിയുമെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി ജനങ്ങള്‍ക്ക് യഥാസമയം പഞ്ചായത്ത് അറിയിപ്പ് നല്കുന്നുണ്ട്. വാര്‍ഡ് തലത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. പോലീസ് ഇടപെടല്‍ കര്‍ശനമായി നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സിഎഫ്എല്‍റ്റിസി ആരംഭിക്കുന്ന പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. ഡോമിസിലിയര്‍ കെയര്‍ സെന്ററും അനുബന്ധമായി സജ്ജീകരിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്.
ഡ്രൈവറെ നിയമിച്ച് എംഎല്‍എ ഫണ്ടില്‍ നിന്നും ലഭിച്ച ആംബുലന്‍സ് ഉപയോഗിക്കുന്നുണ്ട്.
കൂടുതല്‍ സ്വകാര്യ വാഹനങ്ങളും ആശുപത്രി ഉപയോഗത്തിനായി ക്രമീകരിച്ചിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജനകീയ ഹോട്ടല്‍, സാമൂഹിക അടുക്കള എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നോഡല്‍ ഓഫീസറായി നടത്തുന്ന കോവിഡ് വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് കോര്‍ ടീം ഏകോപിപ്പിക്കുന്നുണ്ട്. കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെയും കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ നിയോഗിക്കും.
നിലവില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലെ ജാഗ്രത അതേ നിലയില്‍ തുടരണമെന്ന് എംഎല്‍എ പറഞ്ഞു. ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും സമയബന്ധിതമായി തന്നെ ഇടപെടണം. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനിത്ത്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍, ജനപ്രതിനിധികള്‍, പഞ്ചായത്ത് – ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.