രണ്ടാം തവണയും ആറന്മുള നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച വീണാ ജോര്‍ജിന്റെ സ്ഥാനലബ്ദി മലയോര ജില്ലയുടെ വികസന നേട്ടങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. ആറന്മുള മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘവീക്ഷണത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമാണ്. നാല്പത്തി അഞ്ചുകാരിയായ വീണാ ജോര്‍ജ് എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ(എം)പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ്.

2012 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്. കൈരളി, ഇന്ത്യാവിഷന്‍, എംഎംന്യൂസ്, റിപ്പോര്‍ട്ടര്‍ ചാനലുകളിലെ സേവനത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടി. ജനപക്ഷ നിലപാടുകളാണ് വീണാ ജോര്‍ജിനെ ജനകീയയാക്കിയത്. മലയാള മാധ്യമ രംഗത്തെ പ്രഥമ വനിത എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനം അനുഷ്ടിച്ചു. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാം മുന്നോട്ടെന്ന പരിപാടിയില്‍ ആങ്കറാണ്.

കേരള സര്‍വകലാശാലയില്‍നിന്ന് എംഎസ്സി ഫിസിക്‌സിനും, ബിഎഡിനും റാങ്ക് ജേതാവായി.
ഏഷ്യാ വിഷന്‍, ടിവി വ്യൂവേഴ്സ്, സബര്‍മതി അവാര്‍ഡ്, പി ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, കന്യക മിന്നലേ അവാര്‍ഡ്, സുരേന്ദ്രന്‍ നീലേശ്വരം അവാര്‍ഡ്, കേരള ടി വി അവാര്‍ഡ് (മികച്ച മലയാളം ന്യൂസ് റീഡര്‍), ലോഹിതദാസ് മിനി സ്‌ക്രീന്‍ അവാര്‍ഡ്, രാജീവ് ഗാന്ധി സ്റ്റഡി സെന്റര്‍ അവാര്‍ഡ്, ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, നോര്‍ത്ത് അമേരിക്കന്‍ പ്രസ് ക്ലബ്ബ് അവാര്‍ഡ്, ഗ്രീന്‍ ചോയിസ് യുഎഇ അവാര്‍ഡ്, ആദര്‍ശ് യുവ സാമാജിക് അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.

പത്തനംതിട്ട മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. വനിതാ കോളജിലായിരുന്നു കോളജ് വിദ്യാഭ്യാസം. ഇവിടെ മികച്ച വിദ്യാര്‍ഥിയായിരുന്നു. കോളജ് വിദ്യാഭ്യാസ കാലത്ത് എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. 2016 മുതല്‍ ആറന്മുള മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ്.

സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്ജെന്‍ഡര്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്കായുള്ള നിയമസഭാ സമിതിയില്‍ അംഗമായും നിയമസഭാ കണ്ടന്റ് ഡെവലപ്മെന്റ് കമ്മിറ്റി ചെയര്‍പേഴ്സണായും കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായും സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1976 ഓഗസ്റ്റ് മൂന്നിനാണ് ജനനം. പത്തനംതിട്ട ബാര്‍ അസോസിയേഷന്‍ അംഗമായിരുന്ന പരേതനായ അഡ്വ. പി.ഇ. കുര്യാക്കോസിന്റെയും പത്തനംതിട്ട നഗരസഭാ കൗണ്‍സിലറായിരുന്ന റോസമ്മ കുര്യാക്കോസിന്റെയും മകളാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭാ മുന്‍ സെക്രട്ടറിയും അധ്യാപകനുമായ ഡോ.ജോര്‍ജ് ജോസഫാണ് ഭര്‍ത്താവ്. അന്നാ, ജോസഫ് എന്നിവര്‍ മക്കള്‍.