ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത കാറ്റിലും മഴയിലും കാസർകോട് ജില്ലയിൽ ആകെ 135.48 ലക്ഷത്തിന്റെ കൃഷി നാശം കണക്കാക്കി. 183.86 ഹെക്ടറിൽ കൃഷിനാശം സംഭവിച്ചു. 2208 കർഷകർക്കാണ് കൃഷിനാശം നേരിട്ടത്. ഒമ്പത് വീടുകൾ പൂർണമായും 82 വീടുകൾ ഭാഗികമായും തകർന്നു. മതിലിടിഞ്ഞ് രണ്ട് പേർക്കും മിന്നലേറ്റ് ഒരാൾക്കും പരിക്കേറ്റു.

കാഞ്ഞങ്ങാട് ബ്ലോക്കിൽ 121 കർഷകർക്ക് 11.23 ലക്ഷത്തിന്റെ നാശനഷ്ടവും കാറഡുക്ക ബ്ലോക്കിൽ 45 കർഷകർക്ക് 2.63 ലക്ഷത്തിന്റെയും കാസർകോട് ബ്ലോക്കിൽ 1044 കർഷകർക്ക് 45.83 ലക്ഷത്തിന്റെയും മഞ്ചേശ്വരം ബ്ലോക്കിൽ 241 കർഷകർക്ക് 19.64 ലക്ഷത്തിന്റെയും നീലേശ്വരം ബ്ലോക്കിൽ 562 കർഷകർക്ക് 38.96 ലക്ഷത്തിന്റെയും പരപ്പ ബ്ലോക്കിൽ 195 കർഷകർക്ക് 17.19 ലക്ഷത്തിന്റെയും നാശനഷ്ടവും സംഭവിച്ചു. നെല്ല്, തെങ്ങ്, വാഴ, റബർ, കമുക്, കുരുമുളക്, ജാതി, മരച്ചീനി, പച്ചക്കറി കൃഷികളെ കാറ്റും മഴയും ബാധിച്ചു.

ഹോസ്ദുർഗ്, മഞ്ചേശ്വരം താലൂക്കുകളിൽ നാല് വീതവും വെള്ളരിക്കുണ്ട് താലൂക്കിൽ ഒന്നും വീടുകളാണ് പൂർണമായി തകർന്നത്. ഹോസ്ദുർഗ് താലൂക്കിൽ 50 വീടുകളും വെള്ളരിക്കുണ്ട് 14, കാസർകോട് 12, മഞ്ചേശ്വരം ആറ് വീടുകളും ഭാഗികമായി തകർന്നു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമായിരുന്നെങ്കിലും ഒന്നും തുറന്നില്ല. 161 കുടുംബങ്ങളിലെ ആകെ 637 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപാർപ്പിച്ചു.

ഹോസ്ദുർഗ് താലൂക്കിൽ 130 കുടുംബങ്ങളിലെ 452 പേരെയും കാസർകോട് താലൂക്കിലെ നാല് കുടുംബങ്ങളിലെ 19 പേരെയും മഞ്ചേശ്വം താലൂക്കിലെ 27 കുടുംബങ്ങളിലെ 166 പേരെയും ബന്ധുവീടുകളിലേക്ക് മാറ്റിപാർപ്പിച്ചു.
മത്സ്യബന്ധന മേഖലകളിൽ നിരവധി വീടുകൾക്കും ഫൈബർ ബോട്ടുകൾക്കും നാശനഷ്ടം സംഭവിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകി. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ 23.47 മില്ലീ മീറ്റർ മഴ ലഭിച്ചു.