കാസർഗോഡ്:  പ്രവാസി സംരംഭക ഗ്രൂപ്പുകൾക്ക് മിനി ഡയറി ഫാം തുടങ്ങാൻ ജില്ലാ പഞ്ചായത്ത് അവസരമൊരുക്കുന്നു. കോവിഡാനന്തര ലോകത്തിലെ തൊഴിൽ നഷ്ടത്തിൽനിന്നും പ്രവാസികളെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവാസി സംരംഭക ഗ്രൂപ്പുകൾക്ക് മിനി ഡയറി ഫാം തുടങ്ങാൻ ധനസഹായം നൽകുന്നത്.

വിദേശത്തു നിന്നും മടങ്ങിവന്ന പ്രവാസികളുടെ രജിസ്റ്റർ ചെയ്ത സംരംഭക ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം. ക്ഷീരവികസനവകുപ്പിന്റെ നിർദേശാനുസരണമാണ് പദ്ധതി നടപ്പിലാക്കേണ്ടത്്. ജില്ലയിൽ തെരഞ്ഞെടുക്കപ്പെടുന്ന നാല് ഗ്രൂപ്പുകൾക്കാണ് ധനസഹായം ലഭിക്കുക. ഒരു ഗ്രൂപ്പിനു പരമാവധി അഞ്ച് ലക്ഷം രൂപ പദ്ധതി ധനസഹായമായി അനുവദിക്കും. ബാക്കി തുക ഗുണഭോക്തൃവിഹിതമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക് ക്ഷീരവികസന യൂനിറ്റുകളിലോ കാസർകോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ ബന്ധപ്പെടണം. അപേക്ഷകൾ മെയ് 31നകം ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം.