കാസർഗോഡ്:    ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് -19 രോഗികൾ, രോഗ ലക്ഷങ്ങളുള്ളവർ, സമ്പർക്കപട്ടികയിലുള്ളവർ എന്നിവർക്കായുള്ള പ്രത്യേക ഒപി ആരംഭിക്കുന്നു. ഒ.പിയിൽ എത്തിച്ചേരുന്ന കോവിഡ്-19 രോഗ ലക്ഷണങ്ങളുളളവർ, പ്രാഥമിക സമ്പർക്കപട്ടികയിലുള്ളവർ, വീട്ടിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾ എന്നിവരെ പ്രത്യേകം സജ്ജമാക്കിയ ഒ.പി.യിൽ ഡോക്ടർ പരിശോധിച്ച് ആന്റിജൻ ടെസ്റ്റിന് വിധേയമാക്കും.

പരിശോധനയിൽ പുതുതായി കോവിഡ് -19 സ്ഥിരീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ കൃത്യമായ മാർഗ നിർദേശങ്ങൾ നൽകി വീട്ടിലേക്കോ ഡൊമൈസിലറി കെയർ സെന്ററിലേക്കോ അയക്കും.
രോഗലക്ഷണങ്ങൾ ഉള്ളവരെ സ്ഥാപനത്തിൽ നിരീക്ഷണത്തിൽ വെക്കാനുമുള്ള സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. ഇതിനായി ഓക്‌സിജൻ സൗകര്യത്തോടു കൂടി ആറ് ബെഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്.

രാത്രികാലങ്ങളിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് രോഗലക്ഷണങ്ങൾ മൂർച്ഛിച്ചാൽ ഇവിടെയെത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിദഗ്ധ ചികിത്സയ്ക്കായി അയക്കാനും സാധിക്കും. ചെറുവത്തൂർ ഹെൽത്ത് ബ്ലോക്ക് പരിധിയിലെ രോഗികളെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ, ജില്ലാ ഡപ്യൂട്ടി ഡി.എംഒ ഡോ. എ.വി. രാംദാസ്, മെഡിക്കൽ ഓഫീസർ ഡോ. ഡി.ജി. രമേഷ്, ജില്ലാ കൊറോണ സെൽ നോഡൽ ഓഫീസർ ഡോ. പ്രസാദ് തോമസ് എന്നിവർ ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.