ഹോമിയോപ്പതി വകുപ്പ് കാസർകോട് ജില്ലയിൽ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുന്നു. കോവിഡ്-19 ഒരു മഹാമാരിയായി തുടരുന്നതിനൊപ്പം, കോവിഡ് ഭേദമായവരിൽ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നതായി വ്യാപകമായി റിപോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഹോമിയോപ്പതി വകുപ്പ് ഈ രീതിയിൽ ഒരു സംവിധാനം ആരംഭിക്കുന്നത്.

ഇതിനായി ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ നോഡൽ ഓഫീസറായിട്ടുള്ള ഒരു സംവിധാനം ജില്ലയിൽ നിലവിൽ വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സർക്കാർ താലൂക്ക് ഹോമിയോ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും ആയുഷ് ഡിസ്‌പെൻസറികളും കോവിഡാനന്തര ഹോമിയോപ്പതി പ്രാഥമിക കേന്ദ്രങ്ങളായി പ്രവർത്തിക്കും. എല്ലാ ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിലും പകൽ 12 മുതൽ 2 മണി വരെ ഈ കേന്ദ്രത്തിന്റെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതാണ്.

ജില്ലാ ഹോമിയോ ആശുപത്രികൾ കോവിഡാനന്തര ഹോമിയോപ്പതി റഫറൽ കേന്ദ്രങ്ങളായാണ് പ്രവർത്തിക്കുക. എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഈ കേന്ദ്രത്തിന്റെ സേവനം ലഭ്യമാകുന്നതാണ്. ഈ കേന്ദ്രങ്ങളിൽ ലഭ്യമായ കിടക്കകളുടെ 20% കോവിഡാനന്തര ചികിത്സകൾക്ക് മാത്രമായി മാറ്റിവെക്കുന്നതാണ്.
ഇതിനായി സ്ഥാപനങ്ങളിൽ ആവശ്യമായ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ക്രമീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശോകകുമാർ ഐ.ആർ. അറിയിച്ചു.

കോവിഡ് വന്നതിനുശേഷവും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്ന എല്ലാവർക്കും ഈ കേന്ദ്രങ്ങൾ സന്ദർശിക്കാവുന്നതും തുടർചികിത്സകൾ സ്വീകരിക്കാവുന്നതുമാണ്. കേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് ടെലിഫോൺ/വീഡിയോകോൾ വഴി ചികിത്സ നൽകുന്നതിനുള്ള സംവിധാനവും ഇതിനോടൊപ്പം തന്നെ ഒരുക്കിയിട്ടുള്ളതായും ഡി.എം.ഒ. അറിയിച്ചു.