കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആടുകളെ വിറ്റ പൈസ സംഭാവന നല്‍കിയ പോര്‍ട്ട് സ്വദേശിനി സുബൈദ മുഖ്യാഥിതികളില്‍ ഒരാളായി സത്യ പ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ജില്ലയില്‍ നിന്ന് ക്ഷണമുള്ള പത്തൊന്‍പത് പേരില്‍ ഒരാളായാണ് സുബൈദ ചടങ്ങിനെത്തുന്നത്.

ക്ഷണക്കത്തും വാഹനപാസും ഗേറ്റ്പാസും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വഴി സുബൈദയ്ക്ക് നല്‍കിയിരുന്നു. രണ്ട് തവണയാണ് ഇല്ലായ്മകള്‍ക്ക് നടുവിലെങ്കിലും സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപ്പിച്ച് സുബൈദ ആടുകളെ വിറ്റ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. ഹൃദ്രോഗിയായ ഭര്‍ത്താവ് അബ്ദുല്‍ സലാമും സഹോദരനും സുബൈദയുടെ ആഗ്രഹങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി കൂടെയുണ്ട്