കച്ചവട സ്ഥാപനങ്ങള്‍ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന്പ രിശോധിക്കുന്നതിനും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനുമായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനാ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കാത്ത കച്ചടവ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്‌ക്വാഡുകള്‍ കൈക്കൊള്ളും. കോവിഡ്-19 രോഗ വ്യാപനത്തെ തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ ചരക്ക് ഗതാഗതം, അവശ്യ വസ്തുക്കളുടെ ലഭ്യത, മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പ് വരുത്തുന്നതിനായി തൃശൂർ ജില്ലാ സപ്ലൈ ഓഫീസ് കേന്ദ്രീകരിച്ച് ജില്ലാതല നോഡല്‍ ഓഫീസും താലൂക്ക് സപ്ലൈ ഓഫീസുകള്‍ കേന്ദ്രീകരിച്ച് താലൂക്ക്തല നോഡല്‍ ഓഫീസും പ്രവര്‍ത്തിക്കും. ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ ലഭ്യതക്കുറവ്, ചരക്കു ഗതാഗതത്തില്‍ നേരിടുന്ന വിഷമങ്ങള്‍, പൂഴ്ത്തിവെപ്പ് എന്നിവ സംബന്ധിച്ച പരാതികൾ പൊതുജനങ്ങള്‍ക്ക് ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും അറിയിക്കാവുന്നതാണ്.