എറണാകുളം:  ജില്ലയിൽ 18‌ – 44 പ്രായമുള്ളവരുടെ വാക്സിനേഷന് നിർദ്ദേശിക്കപ്പെട്ട മാതൃകയിലല്ലാത്ത സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതു മൂലം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത് ഒഴിവാക്കാനായി ആരോഗ്യവകുപ്പിൻ്റെ ഇ- ഹെൽ ത്തിൻ്റെ ഭാഗമായുള്ള covid19.kerala.gov.in/vaccine എന്ന സൈറ്റിൽ അനുബദ്ധ രോഗങ്ങളുടെയും, മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റയും മാതൃക നൽകിയിട്ടുണ്ട്. വാക്സിനേഷനായി രജിസ്റ്റർ ചെയ്യുമ്പോൾ ഒരു രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷനർ നൽകുന്ന ഇതേ മാതൃകയിലുള്ള സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്.

18- 44 പ്രായമുള്ളവരിൽ അനുബദ്ധ രോഗങ്ങളുള്ളവരും, മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരും cowin.gov.in എന്ന വെബ് സൈറ്റിൽ പ്രാഥമിക വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്ത ശേഷമായിരിക്കണം, ആരോഗ്യ വകുപ്പിൻ്റെ covid19.kerala.gov.in/vaccine എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടത്.

പ്രമേഹം, രക്താതിസമ്മർദ്ദം, ഹൃദയ, കരൾ, വൃക്ക, ശ്വാസകോശ, നാഡീ സംബദ്ധമായ രോഗങ്ങൾ, ക്യാൻസർ, ജനിതക രോഗങ്ങൾ, ഭിന്നശേഷി ക്കാർ, അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർ തുടങ്ങി 23 രോഗാവസ്ഥകളിൽ പെട്ട 18-44 വയസ്സ് പ്രായമായവർക്കാണ് വാക്സിനെടുക്കാൻ അർഹതയുള്ളത്.

ഇത് കൂടാതെ സംസ്ഥാന സർക്കാർ 18-44 പ്രായമുള്ളവരിൽ 32 വിഭാഗങ്ങളിൽ പെട്ടവർക്ക് മുൻഗണന നൽകിയിട്ടുണ്ട്. മുൻഗണനാ വിഭാഗത്തിൽ പെട്ടവർക്കുള്ള രജിസ്ട്രേഷൻ തൊഴിലുടമയാണ് ചെയ്യേണ്ടത്. തൊഴിലുടമയുടെ ഫോൺ നമ്പരും, ആധാർ നമ്പർ, ലൈസൻസ് വിവരങ്ങൾ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്.

45 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ vaccination ആദ്യ ഡോസായാലും, രണ്ടാം ഡോസായാലും ഓൺലൈനായി രജിസ്റ്റർ ചെയ്ത് ഷെഡ്യൂൾ ചെയ്യുന്നവർക്ക് മാത്രമാണ് ഇനി വാക്സിൻ നൽകുക.Spot registration സൗകര്യം ഉണ്ടായിരിക്കുന്നതല്ല.