കൊല്ലം:   കോവിഡ് രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ എന്ന നിലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ കൂടുതല്‍ കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്.

ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ സഹകരണത്തോടെ കോര്‍പ്പറേഷന്‍ പരിധിയിലുള്ള ഏഴു ഹോമിയോപ്പതി ക്ലിനിക്കുകളില്‍ പ്രത്യാശ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. കൊല്ലം നഗരസഭ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സജ്ജമാക്കുന്നതില്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടന്ന് മേയര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷ•ാര്‍, നഗരസഭ അഡീഷണല്‍ സെക്രട്ടറി എ. എസ് ശ്രീകാന്ത്, ഹോമിയോപ്പതി ഡി.എം.ഒ ഡോ. സി. എസ് പ്രദീപ്, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ•ന വലിയം മെമ്മോറിയല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ആരംഭിച്ച ഡി.സി.സി എന്‍. കെ.പ്രേമചന്ദ്രന്‍ എം.പിയും ഡോ.സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം സി. പി. സുധീഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ഷമി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയില്‍ സേതുക്കുട്ടന്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തേവലക്കര അയ്യന്‍കോയിക്കല്‍ സ്‌കൂളില്‍ ആരംഭിക്കുന്ന ഡി.സി.സി എം.എല്‍.എ സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാകേന്ദ്രത്തില്‍ സി കാറ്റഗറി കോവിഡ് രോഗികള്‍ക്കുള്ള ചികില്‍സ ആരംഭിച്ചു. 20 കിടക്കകളുള്ള കേന്ദ്രത്തില്‍ വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെയുള്ളവ ലഭ്യമാണ്. രണ്ട് ഡോക്ടര്‍മാര്‍, 20 ജീവനക്കാര്‍ എന്നിവരെ താല്‍ക്കാലികമായി നിയമിച്ചു. താലൂക്ക് ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ച് ഓക്‌സിജന്‍ ലഭ്യതയും ഉറപ്പ് വരുത്തി. ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന കോവിഡ് രോഗികളെ ചികില്‍സിക്കാന്‍ 100 കിടക്കകള്‍ ഉള്ള സി.എസ്.എല്‍.ടി.സി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ 20 ഓക്‌സിജന്‍ കിടക്കകളുണ്ട്.

രണ്ട് ആംബുലന്‍സ് ഉള്‍പ്പെടെ പത്ത് വാഹനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കൗണ്‍സിലര്‍മാരുടെ നേത്യത്വത്തില്‍ വാര്‍ഡുതല ജാഗ്രതാ സമിതികളും സജീവമാണ്. 250 പള്‍സ് ഓക്‌സിമിറ്റര്‍ വാങ്ങിയിട്ടുണ്ട്. മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കി. താലൂക്ക് ആശുപത്രിയിലെ കോവിഡ് ഇതര ചികില്‍സ മുടക്കമില്ലാതെ നടത്താന്‍ കോവിഡ് പരിശോധന ബഡ്‌സ് സ്‌കൂളിലേക്ക് മാറ്റിയിരുന്നു.

നഗരസഭയിയിലും തൊട്ടടുത്ത ജില്ലയിലും കോവിഡ് മൂലം മരിച്ചവരെ സംസ്‌കരിക്കാന്‍ നഗരസഭ ക്രിമറ്റോറിയത്തില്‍ സൗകര്യമൊരുക്കിയതായി നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു അറിയിച്ചു. പ്രതിരോധ പ്രര്‍ത്തനങ്ങള്‍ക്കായി താലൂക്ക് ഹോസ്പിറ്റല്‍, മൈനാഗപ്പള്ളി പി.എച്ച്.സി എന്നിവിടങ്ങളില്‍ 50 ലക്ഷം രൂപ വകയിരുത്തി.