ക്ലിഫ് ഹൗസിൽ നിന്ന് ഇത് ആദ്യമായാണ് ഒരു മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യാൻ ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ എത്തുന്നത്. ഭരണത്തുടർച്ച കൊണ്ട് ചരിത്രം കുറിച്ച പിണറായി വിജയന്റെ സത്യപ്രതിജ്ഞ അങ്ങനെ കേരള ചരിത്രത്തിൽ അപൂർവ്വ ചരിത്രം കുറിച്ചു. കൃത്യം 2.39നാണ് പിണറായി വിജയൻ ഭാര്യ കമല വിജയൻ, ചെറുമകൻ ഇഷാൻ എന്നിവർക്കൊപ്പം സെൻട്രൽ സ്‌റ്റേഡിയത്തിലെത്തിയത്.

അതിഥികളെ അഭിവാദ്യം ചെയ്ത് സദസ്സിലിരുന്ന അദ്ദേഹം ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്ത നവകേരള ഗീതാജ്ഞലി എന്ന സംഗീത ശില്പം വീക്ഷിച്ചു. തുടർന്ന് സദസ്സിന്റെ പിൻനിരയിലേക്ക് കടന്ന് ഓരോ അതിഥികളെയും ഇരിപ്പിടത്തിലെത്തി അഭിവാദ്യം ചെയ്തു. ജനപ്രതിനിധികളെയും രാഷട്രീയ നേതാക്കളെയും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളെയും അദ്ദേഹം കണ്ടു. ഗവർണറെത്തിയപ്പോൾ കവാടത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് 3.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വേദിയിലെത്തി. ദേശീയ ഗാനത്തിനു ശേഷം സത്യപ്രതിജ്ഞയ്ക്കായി പിണറായി വിജയനെ വേദിയിലേക്ക് ക്ഷണിച്ചു. മുൻനിരയിലിരുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പാർട്ടി ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ എന്നിവരെയും സദസിനെയും അഭിവാദ്യം ചെയ്ത് വേദിയിലെത്തി.

ഗവർണർ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടർച്ചയായ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തപ്പോൾ ചരിത്രത്തിലേക്കുള്ള ചുവടുവയ്പ്പായി അത്. പതിവു പോലെ സഗൗരവമാണ് അദ്ദേഹം പ്രതിജ്ഞ ചെയ്തത്.