കൊല്ലം:  ജില്ലയില്‍ പ്രതിവാര കോവിഡ് വ്യാപന നിരക്ക് 30 ശതമാനത്തിലും അതിന് മുകളിലുമുള്ള 13 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ നാളെ (മെയ് 21) രാവിലെ ആറു മുതല്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.

നീണ്ടകര(44.04 ശതമാനം), ഇളമ്പള്ളൂര്‍(36.80), പുനലൂര്‍ മുനിസിപ്പാലിറ്റി(35.36), കരവാളൂര്‍(34.60), നിലമേല്‍(34.58), മൈലം(33.43), അലയമണ്‍(32.25), ഉമ്മന്നൂര്‍(30.87), പ•ന(30.66), തലവൂര്‍(30.65), തൃക്കോവില്‍വട്ടം(30.60), തൃക്കരുവ(30.31), കുണ്ടറ(30.00) എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങള്‍.
ഭക്ഷ്യ വസ്തുക്കള്‍, പലവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, മീന്‍, കാലി-കോഴിത്തീറ്റ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവയ്ക്കും അവയുടെ ഹോം ഡെലിവറി സംവിധാനങ്ങള്‍ക്കും രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ പ്രവര്‍ത്തിക്കാം.

പാല്‍, പത്രം എന്നിവയുടെ വിതരണം രാവിലെ എട്ടിനകം പൂര്‍ത്തിയാക്കണം.
റേഷന്‍ കടകള്‍, മാവേലി സ്റ്റോര്‍, സപ്ലൈകോ, പാല്‍ ബൂത്തുകള്‍ എന്നിവ രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴരവരെ ഹോം ഡെലിവറി സര്‍വ്വീസിന് മാത്രമായി പ്രവര്‍ത്തിക്കാം. ഉപഭോക്താക്കള്‍ക്ക് നേരിട്ട് പാഴ്‌സല്‍ കൈപ്പറ്റാനോ ഇരുന്നു ഭക്ഷണം കഴിക്കുവാനോ അനുവാദമില്ല.

മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, എ.ടി.എമ്മുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ആശുപത്രികള്‍, ലബോറട്ടറികള്‍ എന്നിവയ്ക്ക് സമയനിയന്ത്രണം ബാധകമല്ല. പൊതുജനങ്ങള്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാകുന്ന ഏറ്റവും അടുത്ത കടകളില്‍നിന്നും അവ വാങ്ങണം. ഈ ആവശ്യത്തിനായി ലഭ്യമാകുന്ന കടകള്‍ കടന്ന് യാത്ര ചെയ്യാന്‍ പാടില്ല.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെ മറ്റൊരു സ്ഥാപനത്തിനും പ്രവര്‍ത്തനാനുമതിയില്ല. ചന്തകള്‍ പ്രവര്‍ത്തിക്കുന്നതിനും നിരോധനമുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ വില്‍ക്കുന്ന പെട്ടിക്കടകള്‍, തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള വഴിയോര കച്ചവടങ്ങള്‍ക്കും അനുവാദമില്ല.