രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ മഹാമാരിക്കാലത്തെ ഒത്തുചേരലിന്റെ മനോഹര മാതൃകയായി. ആദ്യാവസാനം ലോക്ഡൗൺ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് നടന്ന ചടങ്ങുകൾ കോവിഡിനെ മറികടക്കാനുള്ള പ്രത്യാശയുടെ പ്രതീകം കൂടിയായി മാറി.

അതിഥികളും സമാജികരും സംഘാടകരുമടക്കം ഏറ്റവും ചുരുങ്ങിയ എണ്ണത്തിൽ ചടങ്ങുകൾ പൂർത്തിയാക്കാൻ സാധിച്ചതും അണുവിടവ്യതിചലിക്കാതെ ആരോഗ്യ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതും ഏറെ ശ്രദ്ധേയമായി. വേദിയിലും പരിസരത്തും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാൻ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.

ആരോഗ്യ വകുപ്പ്. രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവരോ ആർടിപിസിആർ/ആന്റിജൻ എന്നിവയിലേതെങ്കിലും ടെസ്റ്റ് നെഗറ്റിവ് ആയിട്ടുളളവരോ ആയ ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് സത്യപ്രതിജ്ഞാ വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചത്. മാധ്യമപ്രവർത്തകർക്കും പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഒരു മാധ്യമത്തിൽ നിന്ന് ഒരു പ്രതിനിധിക്കുമാത്രമായിരുന്നു പ്രവേശനം. ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങളും ചിത്രങ്ങളും വാർത്തകളും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ലഭ്യമാക്കി.

സ്റ്റേറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിന്റെ നിർദേശപ്രകാരം ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ രണ്ടു ദിവസം മുമ്പുതന്നെ സമ്മേളന സ്ഥലം സന്ദർശിച്ച് മുൻ കരുതൽ നടപടികൾ ആംരഭിച്ചിരുന്നു. സത്യപ്രതിജ്ഞ ചെയ്യാനെത്തുന്ന സാമാജികർക്കും ഉദ്യോഗസ്ഥർക്കും കോവിഡ് ടെസ്റ്റ് നടത്താൻ നിയമസഭയിലും സെക്രട്ടേറിയറ്റ് അനക്സിലും സൗകര്യമൊരുക്കി. നിയമസഭയിൽ രണ്ടും സെക്രട്ടേറിയറ്റ് അനക്സിൽ നാലും വീതം ടീമിനെയാണ് നിയോഗിച്ചത്. രജിസ്ട്രേഷനും പരിശോധനയും നടത്തി അരമണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാക്കാൻ തീരുമാനിച്ചു.

48 മണിക്കൂറിനുള്ളിൽ പരിശോധനയ്ക്കെത്തിയവർക്ക് ആർടിപിസിആറും സത്യപ്രതിജ്ഞാദിനത്തിൽ പരിശോധനയ്ക്കെത്തിയവർക്ക് ആന്റിജൻ ടെസ്റ്റുമാണ് നടത്തിയത്. ഇതിനായി പരിശോധനാ കേന്ദ്രത്തിൽ രണ്ട് മീറ്റർ അകലത്തിൽ കസേരയിട്ട് ഒരോരുത്തരും തമ്മിലുള്ള സാമൂഹ്യ അകലം ക്രമീകരിച്ചു. ആദ്യമെത്തിയ ആളുടെ പരിശോധനാ നടപടികൾ പൂർത്തിയായ ശേഷം മാത്രമാണ് അടുത്തയാളെ പ്രവേശിപ്പിച്ചത്. യാതൊരുവിധത്തിലും ആൾക്കൂട്ടമുണ്ടാകാതിരിക്കാൻ ഇതുമൂലം സാധിച്ചു. പരമാവധി 20 മിനിറ്റിനുള്ളിൽ എൽഡിഎംഎഫ് പോർട്ടൽ വഴി പരിശോധനാ ഫലം ലഭ്യമാക്കി. സത്യപ്രതിജ്ഞാ ദിനത്തിൽ മാത്രം ഉച്ചവരെ 92 പേർക്കാണ് കോവിഡ് പരിശോധന നടത്തി റെക്കോഡ് വേഗത്തിൽ ഫലം ലഭ്യമാക്കിയത്.

എൻ 95 മാസ്‌കോ ഡബിൾ മാസ്‌കോ ധരിക്കാത്ത ആർക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വേദിയിൽ രണ്ട് മീറ്റർ അകലത്തിലാണ് കസേരകൾ വിന്യസിച്ചത്. അകത്തു പ്രവേശിച്ചാൽ ഒരു കാരണവശാലും മാസ്‌ക് ഊരരുതെന്നും എവിടെയും സ്പർശിക്കരുതെന്നും കർശന നിർദേശം നൽകിയിരുന്നു. സത്യപ്രതിജ്ഞാ വേദിയിലേക്ക് പ്രവേശിക്കുന്ന എല്ലാവർക്കും സാനിറ്റൈസർ നൽകാനും ശരീരോഷ്മാവ് പരിശോധിക്കാനും വാക്സിനേഷൻ, കോവിഡ് പരിശോധന സംബന്ധിച്ച രേഖകൾ പരിശോധിക്കാനുമായി പ്രവേശന കവാടങ്ങളിലെല്ലാം ജൂനിയർ ആരോഗ്യപ്രവർത്തകരെ നിയോഗിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവു പ്രകാരം പങ്കെടുക്കുന്നവരുടെ എണ്ണം പരാവധി കുറയ്ക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഐ.എം,.ജിയിലും അനക്സിലും നേരത്തേ നടത്തിയ ആർ.ടി.പി.സി ആർ ടെസ്റ്റിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ച ഉദ്യോഗസ്ഥരെ മാത്രമാണ് ചടങ്ങിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. ചടങ്ങിലെത്തിയ മാധ്യമ പ്രവർത്തകർക്കു വേണ്ടിയും കോവിഡ് പരിശോധനാ സൗകര്യം ഐ.എം.ജിയിൽ ഒരുക്കിയിരുന്നു. ആരോഗ്യ വകുപ്പിലെ ഡോ. ചിത്രയുടെ നേതൃത്വത്തിലാണ് കോവിഡ് പരിശോധനകൾ ഏകോപിപ്പിച്ചത്.