എറണാകുളം: ജില്ലയിലെ പട്ടികവർഗ കോളനികൾ കേന്ദ്രീകരിച്ച് അടിയന്തര കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ഉറപ്പാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. പട്ടികവർഗ കോളനികളിൽ കോവിഡ് വാക്സിനേഷൻ നടപടികൾ ഉടൻ പൂർത്തിയാക്കും.

പട്ടികജാതി കോളനികളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.കടലാക്രമണ കെടുതികൾ അനുഭവിക്കുന്ന ചെല്ലാനം മേഖലയിൽ ശനിയാഴ്ച മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ചെല്ലാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ പ്രദേശത്ത് സന്ദർശനം നടത്തും. കടലാക്രമണത്തിൽ നാശനഷ്ടങ്ങൾ നേരിട്ട വീടുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതായി പ്ലംബർമാർ, മെയ്സൺ ജോലിക്കാർ എന്നിവരുടെ സംഘടനകളുമായി ബന്ധപ്പെട്ട് സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ മാറ്റിയതിനാൽ മത്സ്യബന്ധന ബോട്ടുകൾക്കും ഹാർബറുകൾക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനങ്ങൾ നടത്താമെന്ന് യോഗത്തിൽ അറിയിച്ചു.

മഞ്ഞള്ളൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള ചികിത്സാ കേന്ദ്രത്തിൽ കോവിഡ് വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥാപനത്തെ കോവിഡ് ചികിത്സാ കേന്ദ്രമാക്കുന്നതിന് നിർദ്ദേശം നൽകി. കനത്ത മഴയും ലോക്ഡൗണും ചേർന്ന് കാർഷിക മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ അടിയന്തര ഇടപെടൽ നടത്തും.
ബ്ലാക്ക് ഫംഗസ് രോഗബാധിതരുടെ ആരോഗ്യ, ചികിത്സാ വിവരങ്ങൾ പരിശോധിക്കുന്നതിനും മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി പ്രത്യേക സംഘത്തെ നിയോഗിക്കുവാനും യോഗത്തിൽ നിർദ്ദേശം നൽകി.

ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽ കുമാർ, ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, പോലീസ്, ആരോഗ്യവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.