ധാരാളം മഴ കിട്ടിയ ഒരു വേനൽക്കാലം കഴിഞ്ഞ് വർഷകാലം വരുന്നതിനാൽ വർഷകാല കാർഷികപ്രശ്‌നങ്ങൾ നേരിടാൻ തയ്യാറെടുക്കണമെന്ന് കേരള കാർഷിക സർവകലാശാല കർഷകരെ അറിയിച്ചു. തയ്യാറെടുപ്പുകൾ ഇപ്രകാരമാണ്.
വളം ചെയ്യൽ വിവിധ വൃക്ഷവിളകൾക്ക് ആദ്യത്തെ തവണ രാസവളം ചെയ്യണം. അതിനു മുന്നോടിയായി മണ്ണിന്റെ പുളിരസം മാറ്റുവാൻ ഡോളോമൈറ്റ് അല്ലെങ്കിൽ കുമ്മായം ചുവട്ടിൽ ചേർക്കാം. പുളിരസം മാറാതെ വളം ചെയ്താൽ കൊടുത്ത വളത്തിൻറെ 30-40 ശതമാനം മാത്രമേ ചെടിക്ക് കിട്ടുകയുള്ളൂ.

തെങ്ങിന് ഒരു കിലോ, കമുക്, കശുമാവ്, കുരുമുളക് തുടങ്ങിയവയ്ക്ക് അരക്കിലോ എന്ന തോതിൽ ഡോളോമൈറ്റ്/കുമ്മായം കൊടുക്കുക. അതുകഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ് രാസവളം കൊടുക്കാം. തെങ്ങിന് 500 ഗ്രാം യൂറിയ, 500 ഗ്രാം ഫാക്ടംഫോസ്, ഒരു കിലോ പൊട്ടാഷ്, 500 ഗ്രാം മഗ്‌നീഷ്യം സൾഫേറ്റ്, 100 ഗ്രാം സിങ്ക് സൾഫേറ്റ്, 100 ഗ്രാം ബോറാക്‌സ് എന്നിവ നൽകണം. പച്ചിലവളം പിന്നീട് നൽകാം. കവുങ്ങിന് അര കിലോഗ്രാം കുമ്മായം/ഡോളോമൈറ്റ്, 300 ഗ്രാം ഫാക്ടംഫോസ്, 350 ഗ്രാം പൊട്ടാഷ്, 50 ഗ്രാം ബോറാക്‌സ് എന്നിവ നൽകണം.

കുരുമുളകിന് 500 ഗ്രാം കുമ്മായം, 250 ഗ്രാം ഫാക്ടംഫോസ്, 300 ഗ്രാം പൊട്ടാഷ്, 100 ഗ്രാം മഗ്‌നീഷ്യം സൾഫേറ്റ്, 50 ഗ്രാം ബോറാക്‌സ് എന്നിവ നൽകണം. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ വളപ്രയോഗം നൽകുന്നതാണ് ഉത്തമം. നന്നായി കായ്ക്കുന്ന വിളകൾക്കും വലിയ കുരുമുളക് വള്ളികൾക്കും ഈ പൊതുശുപാർശയിലും അധികം വളം നൽകാൻ ശ്രദ്ധിക്കണം. കൃത്യമായി ഡോളോമൈറ്റും ബോറാക്‌സും ചേർക്കുന്ന തോട്ടങ്ങളിൽ കൂമ്പുചീയൽ രോഗം വളരെ കുറവാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്.

കൊമ്പൻചെല്ലികൾ സമാധി കഴിഞ്ഞ് ധാരാളമായി പുറത്തുവരുന്ന സമയമാണിത്. കൊമ്പൻചെല്ലിയുടെ ആക്രമണം മൂലമുള്ള മുറിവുകളിലാണ് ചെമ്പൻചെല്ലി മുട്ടയിടുന്നത് എന്നതിനാൽ ഇത് നിസ്സാരമായി കാണരുത്. ഉപയോഗശൂന്യമായ മീൻവല ഒരുമീറ്റർ നീളത്തിലും അരമീറ്റർ വീതിയിലും മുറിച്ച് അതിൻറെ നടുഭാഗത്ത് ഒരു കല്ല് വച്ച് തെങ്ങിൻറെ ഏറ്റവും അകത്തെ ഒരു ഓലക്കവിളിൽ ഉറപ്പിക്കുക. വലയുടെ രണ്ട് ഭാഗവും താഴേക്ക് വിടർത്തിയിടുക. മീൻവലയിൽ കുടുങ്ങി വണ്ടുകൾ ചത്തുപോകും. ഇതേപോലെ ഏറ്റവും ഉള്ളിലുള്ള 3-4 ഓലക്കവിളുകളിലും ഉറപ്പിക്കാം. 3-4 മാസം കഴിഞ്ഞാൽ ഏറ്റവും താഴത്തെ ഓലക്കവിളിൽ വച്ച വലക്കഷ്ണം എടുത്ത് ഉള്ളിലെ ഓലക്കവിളിൽ വെക്കാം.

വേനൽമഴ കൂടുതലായതിനാൽ കവുങ്ങിൻറെ പൂങ്കുലകരിച്ചിൽ ഇത്തവണ വളരെ വ്യാപകമായിരുന്നു. ഇത് നിയന്ത്രിക്കാൻ കോൺടാഫ് ടിൽറ്റ്/ടോപാസ് ഇതിലേതെങ്കിലുമൊന്ന് ഒരു മില്ലിലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ചുകൊടുക്കണം. മഹാളി വരാതിരിക്കാൻ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിക്കുക. പിന്നീട് ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ തെളിച്ചം കിട്ടുമ്പോൾ പൊട്ടാസ്യം ഫോസ്‌ഫോണേറ്റ് 5-7 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കണം. തോട്ടത്തിൽ നല്ല നീർവാഴ്ച ഉറപ്പാക്കണം.

കുരുമുളകിൻറെ ദ്രുതവാട്ടരോഗം നിയന്ത്രിക്കാൻ തോട്ടത്തിലെ തണൽ കുറക്കൽ, നല്ല നീർവാഴ്ച ഉറപ്പാക്കൽ, നിലത്തുപടർന്ന വള്ളിത്തലകൾ ചുരുട്ടി കമ്പിൻമേൽ ചേർത്തുവെക്കൽ, ജൈവികനിയന്ത്രണ വസ്തുവായ ട്രൈക്കോഡർമ വളർത്തിയ വേപ്പിൻ പിണ്ണാക്ക് ചുവട്ടിൽ ചേർക്കൽ എന്നിവ ചെയ്യണം. ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം നന്നായി തളിച്ചുകൊടുക്കുകയും വേണമെന്ന് പടന്നക്കാട് കാർഷിക കോളജിലെ ഡീൻ ഡോ. പി.ആർ സുരേഷ് വ്യക്തമാക്കി.