മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി വടക്ക് -വടക്കു പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 09 കി.മീ വേഗതയിൽ സഞ്ചരിച്ച് 2021 മെയ് 25, പുലർച്ചെ 02.30 ഓടെ 17.8°N അക്ഷാംശത്തിലും 88.9°E രേഖാംശത്തിലും എത്തി.

നിലവിൽ ‘യാസ്’ എന്ന ശക്തമായ ചുഴലിക്കാറ്റ് പാരദ്വീപിൽ (ഒഡീഷ ) നിന്ന് 360 കി.മീ തെക്ക് -തെക്കു കിഴക്കായും ബാലസോറിൽ (ഒഡീഷ ) നിന്ന് 460 കി.മീ തെക്ക് -തെക്കു കിഴക്കായും ഡിഗ (പശ്ചിമ ബംഗാൾ) യിൽ നിന്ന് 450 കി.മീ തെക്ക് -തെക്കു കിഴക്കായും ഖേപ്പുപറയിൽ നിന്ന് 480 കി.മീ തെക്ക് -തെക്കു പടിഞ്ഞാറായിട്ടാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.

ഈ ശക്തമായ ചുഴലിക്കാറ്റ് വടക്ക് -വടക്ക്‌ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അടുത്ത 12 മണിക്കൂറിൽ ശക്തി പ്രാപിച്ചു അതിശക്തമായ ചുഴലിക്കാറ്റായി ( Very Severe Cyclonic Storm) മാറാൻ ആണ് സാധ്യത. തുടർന്ന് വീണ്ടും വടക്ക്- വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിച്ച് മെയ് 26 നു പുലർച്ചയോടെ പശ്ചിമ ബംഗാൾ – വടക്കൻ ഒഡിഷ തീരത്തെത്തുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടർന്ന് മേയ് 26 ഉച്ചയോടെ പശ്ചിമ ബംഗാൾ – വടക്കൻ ഒഡിഷ തീരത്തു പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm) കരയിൽ പ്രവേശിക്കാൻ സാധ്യത.

മെയ് 25 – മെയ് 26 തിയ്യതികളിൽ മധ്യ – വടക്കൻ ബംഗാൾ ഉൾക്കടലിലും, ആന്ധ്രാ പ്രദേശ് -ഒഡിഷ- പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാൻ നിർദേശം നൽകിയിട്ടുണ്ട് .


കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല

ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തിൽ മെയ് 25 – മെയ് 26 തിയ്യതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ ന്യൂനമർദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ മഞ്ഞ അലെർട് പുറപ്പെടുവിച്ചിട്ടുണ്ട് . കേരളത്തിലെ ദിനാവസ്ഥയിൽ (Weather) ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങൾ വരും മണിക്കൂറുകളിൽ അപ്ഡേറ്റ് ചെയ്യും. ന്യൂനമർദ്ദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.


(അവലംബം: കേന്ദ്ര കാലാവസ്ഥ വകുപ്പിൻെറ ദേശീയ ചുഴലിക്കറ്റ് ബുള്ളറ്റിൻ നമ്പർ -11)            

(KSEOC-KSDMA-IMD)

(പുറപ്പെടുവിച്ച സമയം – 06.00 AM, 2021 മെയ്‌ 25)