·    സ്‌കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
·    സ്‌കൂളുകളിൽ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടണ്ട്, പഠിച്ച്  മിടുക്കരാകണം

സമൂഹത്തിലെ മതനിരപേക്ഷത സംരക്ഷിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിധത്തിലുള്ള ഭിന്നതയും കുട്ടികളുടെ ഇടയിൽ ഈ സ്ഥാപനങ്ങളിൽ ഇല്ല. ദരിദ്രരും സമ്പന്നരും തമ്മിൽ വ്യത്യാസവുമില്ല. പുതു അദ്ധ്യായനവർഷത്തിലെ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദ്യാർഥികൾ വെറും പുസ്തകപ്പുഴുക്കൾ മാത്രമാകരുതെന്നും സമൂഹത്തിനു കൂടി തങ്ങളുടെ ജീവിതം സമർപ്പിക്കണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. ഒരു പൗരന്റെ വ്യക്തിത്വ രൂപീകരണം പ്രാഥമിക വിദ്യാലയങ്ങളിൽ നിന്നാരംഭിക്കുമെന്നും സഹജീവി സ്‌നേഹവും മറ്റുള്ളവരോടുള്ള ദയയും പ്രകൃതിയെ അറിയാനുള്ള ശ്രമവും വിദ്യാർഥികൾക്ക് ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വേണ്ടതെല്ലാം സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും എല്ലാവരും നന്നായി പഠിച്ച് മിടുക്കരാകണമെന്നും തന്റെ മുന്നിലിരുന്ന കുരുന്നുകളോട് അദ്ദേഹം പറഞ്ഞു. പുതുതായി എത്തിയ കുട്ടികളുടെ അരികിലെത്തി കുശലം പറഞ്ഞ ശേഷമാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്.

പൊതുവിദ്യാഭ്യാസ സംരക്ഷയജ്ഞ പ്രവർത്തനങ്ങളുടെ തുടർച്ചയായി സ്‌കൂൾ പ്രവേശനോത്സവത്തെ കണ്ടാൽമതിയെന്ന് പരിപാടിയിൽ അധ്യക്ഷനായിരുന്ന വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പഠനം കളിയും ചിരിയും പോലെ സ്വാഭാവികമായ പ്രക്രിയയാകണമെന്നും പാൽപ്പായസം പോലെ മധുരമുള്ളതാകട്ടെ ഈ അധ്യായനവർഷമെന്നും അദ്ദേഹം ആശംസിച്ചു.

ഡെ. സ്പീക്കർ വി. ശശി മുഖ്യാതിഥിയായി. രക്ഷിതാക്കൾക്കായി എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയ ബോധവൽക്കരണ കൈപ്പുസ്തകം ‘നന്മ പൂക്കുന്ന നാളേക്ക്’ ഡോ. എ. സമ്പത്ത് എം.പി പ്രകാശനം ചെയ്തു. പഠനോപകരണങ്ങളുടെ വിതരണം സി. ദിവാകരൻ എം.എൽ.എയും പുതിയ അക്കാദമിക കലണ്ടറിന്റെ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവും നിർവഹിച്ചു. ശിശു സൗഹൃദ ഫർണിച്ചറിന്റെ വിതരണോദ്ഘാടനം നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവനും ‘ഗണിതവിജയം’ കൈപ്പുസ്തകത്തിന്റെ പ്രകാശനം പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാറും നിർവഹിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ സ്വാഗതവും സർവശിക്ഷാ അഭിയാൻ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ നന്ദിയും പറഞ്ഞു. നെടുമങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.ആർ സുരേഷ്‌കുമാർ, ഗേൾസ് ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ ശരത്ചന്ദ്രൻ, എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ ജി. സുരേഷ്‌കുമാർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.