രാവിലെ 8.30 ന് നെടുമങ്ങാട് ഗവ. എൽ.പി.എസിൽ പുതുതായി ചേരാനെത്തിയ വിദ്യാർഥികൾക്കൊപ്പമെത്തിയ രക്ഷകർത്താക്കൾ കണ്ടത് നിറഞ്ഞ ചിരിയോടെ ഗേറ്റിൽ നിൽക്കുന്ന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനെയാണ്. അദ്ദേഹം കുട്ടികളുടെ അരികിലെത്തി അവരെ ചേർത്തു നിർത്തി പേരും സ്ഥലവുമൊക്ക ചോദിച്ചു. കൈയിൽ പിടിച്ച് അവരെയും കൂട്ടി നേരേ ക്ലാസ് റൂമിലേയ്ക്ക്. യഥാസ്ഥാനത്ത് കുട്ടികളെ ഇരുത്തിയ മന്ത്രി സ്‌കൂളിലെ അവരുടെ ആദ്യ അധ്യാപകനുമായി. കുമാരനാശാന്റെ കവിത ഈണത്തിൽ സ്ഫുടമായി ചൊല്ലിയ അദ്ദേഹം ക്ഷണനേരം കൊണ്ട് കുട്ടികളെ കയ്യിലെടുത്തു, പഠനോപകരണങ്ങൾ സമ്മാനമായി നൽകി. തുടർന്ന് കുട്ടികളോടും രക്ഷകർത്താക്കളോടുമൊപ്പം അദ്ദേഹം സംസ്ഥാനതല ഉദ്ഘാടന വേദിയായ ഗേൾസ് ഹയർസെക്കന്റഡി സ്‌കൂളിലേക്ക് നടന്നു.
