മലപ്പുറം: ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുതി പദ്ധതിയില്‍ ഈ വര്‍ഷം 90 ലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതിയുടെ ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.ആര്‍ ഗണദീപന്‍ അറിയിച്ചു. മെയ് മാസത്തില്‍ ഇടമഴ ലഭിച്ചതോടെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നാല് ലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിച്ചത്. ജില്ലയിലെ 3.5 മെഗാ വാട്ട് ശേഷിയുള്ള ഏക വൈദ്യുതി നിലയമായ ആഢ്യന്‍പാറയില്‍ 80,000 യൂനിറ്റ് വൈദ്യുതിയാണ് പരമാവധി ഒരു ദിവസം ഉത്പാദിപ്പിക്കുന്നത്.

ഒന്നര മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററും, അരമെഗാവാട്ടിന്റെ ഒരു ജനറേറ്ററുമാണ് പമ്പ് ഹൗസിലുള്ളത്. നിലവില്‍ ഒന്നര മെഗാവാട്ടിന്റെ ജനറേറ്ററാണ് പ്രവര്‍ത്തിക്കുന്നത്. കനത്ത മഴയുള്ള സമയത്ത് മൂന്ന് ജനറേറ്ററുകളും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2020 ഏപ്രില്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെ എഴുപത് ലക്ഷം യൂനിറ്റിനടുത്ത് വൈദ്യുതിയാണ് ഈ നിലയത്തില്‍ നിന്ന് ഉല്‍പാദിപ്പിച്ച് വിതരണം ചെയ്തത്