കോഴിക്കോട്:   പൊറ്റമ്മല്‍ കവലക്കു സമീപത്തെ കോളാട്ടുകുന്ന് കോളനി ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. കോളനി നിവാസികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതസാഹചര്യങ്ങള്‍ വിവരിക്കുന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്നാണ് സന്ദര്‍ശനം.

വൃത്തിയുള്ള ശൗചാലയം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ കോളനിയിലില്ലെന്നും കുട്ടികള്‍ക്കായുള്ള ക്ഷേമപദ്ധതികളെ കുറിച്ച് കോളനിയിലുള്ളവര്‍ക്ക് അറിവില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. കുട്ടികളെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയിലുള്‍പ്പെടുത്തി സാമ്പത്തികസഹായം നല്‍കാന്‍ ജില്ല ശിശു സംരക്ഷണ യൂണിറ്റിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. വിശദമായ റിപ്പോര്‍ട്ട് അടുത്തയാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കും. കമ്മീഷന്‍ അംഗങ്ങളായ നസീര്‍ ചാലിയം, ബി.ബബിത എന്നിവരാണ് സന്ദര്‍ശനം നടത്തിയത്.