പത്തനംതിട്ട : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആയുര്‍വേദ വകുപ്പും മുഖ്യപങ്ക് വഹിക്കുന്നു. 64 ആയുര്‍രക്ഷാ ക്ലിനിക്കുകളിലൂടെ ഗുരുതര ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് ജില്ലാ ആയുവേദ വകുപ്പ് ചികിത്സയും ഔഷധങ്ങളും നല്‍കി വരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാലായിരത്തിലധികം കോവിഡ് ബാധിതരാണ് ആയുര്‍രക്ഷാ കിനിക്കുകള്‍വഴി ജില്ലയില്‍ ചികിത്സ തേടിയതെന്നും രോഗം മാറിയവരും ക്വാറന്റൈനില്‍ കഴിയുന്നവരുമായ ധാരാളംപേര്‍ ചികിത്സക്കായി ആയുര്‍വേദ വകുപ്പിനെ സമീപിക്കുന്നുണ്ടെന്നും ലക്ഷണങ്ങള്‍ കുറവായ കോവിഡ് ബാധിതരെ ഗുരുതരമായ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കാതെ രക്ഷിക്കാന്‍ ഈ പദ്ധതി വഴി സാധിക്കുമെന്നും
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ:പി.എസ് ശ്രീകുമാര്‍ പറഞ്ഞു.

ജില്ലയിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങള്‍ വഴിയും ഈ പദ്ധതി ലഭ്യമാണ്.ജില്ലയില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കായി അമൃതം പദ്ധതി കോവിഡാനന്തര രോഗങ്ങള്‍ക്കുള്ള പുനര്‍ജ്ജനി പദ്ധതി എന്നിവയിലൂടെ ആയുര്‍വേദ വകുപ്പിന്റെ സേവനം ജനങ്ങള്‍ക്ക് ലഭ്യമാണ്. കാറ്റഗറി എ വിഭാഗത്തിലുള്ള കോവിഡ് ബാധിതര്‍ക്ക് ഭേഷജം പദ്ധതി കഴിഞ്ഞ നവംബര്‍ മുതല്‍ ലഭ്യമാണ്. ജില്ലയില്‍ അന്‍പതിനായിരത്തിലധികം ആളുകളാണ് നിലവില്‍ ഈ പദ്ധതികളുടെ ഗുണഭോക്താക്കളായിട്ടുള്ളത്.

കോവിഡ് മുക്തരായിട്ടുള്ളവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പുനര്‍ജ്ജനി പദ്ധതി ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ 60 വയസിന് താഴെ ഉള്ളവര്‍ക്കായി സ്വാസ്ഥ്യം, 60 വയസിന് മുകളില്‍ ഉള്ളവര്‍ക്കായി സുഖായുഷ്യം എന്നീ പദ്ധതികളും ഉണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആയുര്‍വേദ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ജീവാമൃതം – മാനസിക ആരോഗ്യ പദ്ധതി

കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും രോഗം മാറിയവര്‍ക്കും മാനസിക സമ്മര്‍ദ്ദം ഏറിവരുന്ന ഈ സാഹചര്യത്തില്‍ ഡോക്ടറുടെ സഹായം ലഭ്യമാക്കാന്‍ ഭാരതീയ ചികിത്സാ വകുപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി ടെലി കൗണ്‍സിലിംഗ് സംവിധാനം പ്രവര്‍ത്തിച്ചുവരുന്നു. 9447168336, 9446445872 എന്നീ നമ്പരുകളില്‍ ഈ സേവനം ലഭ്യമാണ്.

ആയുര്‍ ഹെല്‍പ്പ് ലൈന്‍ കോള്‍ സെന്റര്‍ നമ്പരുകള്‍

ഭാരതീയ ചികിത്സാ വകുപ്പ് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആയുര്‍ ഹെല്‍പ്പ് ലൈന്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു. 04735 -231900, 8921503564 എന്നീ നമ്പരുകളില്‍ സേവനം ലഭ്യമാണ്. രോഗ പ്രതിരോധം, ചികിത്സ, കോവിഡനന്തര ആരോഗ്യ പുനഃസ്ഥാപനം, എന്നിവയില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ലഭ്യമായ ആയുര്‍വേദ സേവനങ്ങള്‍, കോവിഡ് പ്രതിരോധത്തിലെ പൊതു നിര്‍ദ്ദേശം, വാക്‌സിന്‍ സംബന്ധിച്ച സംശയങ്ങള്‍ തുടങ്ങിയവയ്ക്കുള്ള വിദഗ്ധ ഉപദേശം ഇവിടെ നിന്നും ലഭ്യമാണ്.

24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഹെല്‍പ്പ് ലൈന്‍ വഴി പ്രതിരോധ ഔഷധങ്ങളുടെ ലഭ്യത, ചികിത്സാ കേന്ദ്രങ്ങളുടെ വിവരങ്ങള്‍, ആഹാരം, വ്യായാമം തുടങ്ങിയവയെപറ്റിയുള്ള അവബോധം, മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള ടെലി കൗണ്‍സലിംഗ്തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 7034 940000