തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച് തീരുമാനം എടുക്കാത്തതിനാൽ തീരശോഷണം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് എസ്. ഡി. ആർ. എഫ് , എൻ. ഡി. ആർ. എഫ് സഹായം അനുവദിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. തീരശോഷണത്തെ സംസ്ഥാനതല ദുരന്തമായി നേരത്തെ തന്നെ കേരളം പ്രഖ്യാപിച്ചിരുന്നു.

ഒമ്പത് തീരദേശ ജില്ലകളിലായി 590 കിലോമീറ്റർ നീളമുള്ള തീരമാണ് കേരളത്തിനുള്ളത്. കടലാക്രമണം കൊണ്ടും മറ്റും വലിയ തോതിൽ തീരശോഷണം അനുഭവപ്പെടുന്നുണ്ട്. കടൽക്ഷോഭത്തിൽ വിലപ്പെട്ട ജീവനുകൾ നമുക്ക് നഷ്ടമായിട്ടുണ്ട്. തീരദേശ നിവാസികളുടെ വീടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ടൗട്ടേ ചുഴലിക്കാറ്റും നാശനഷ്ടങ്ങൾ ഉണ്ടാക്കി.
14-ാം ധന കമ്മീഷന്റെ ശുപാർശകൾ പ്രകാരമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ പ്രകൃതി ദുരന്തഘട്ടത്തിൽ സഹായം നൽകുന്നത്.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം എസ്ഡിആർഎംഎഫിലൂടെയും എൻഡിആർഎംഎഫിലൂടെയും ജനങ്ങൾക്ക് ആശ്വാസം നൽകുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കുന്ന പ്രക്രിയയിലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് നൽകുന്ന ദുരിതാശ്വാസ സഹായം വർധിപ്പിക്കുന്നത് സംസ്ഥാന സർക്കാരിന് ഗുണകരമാകും എന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കുമ്പോൾ ലഭ്യമാക്കുന്ന സഹായം ഇരട്ടിപ്പിക്കണം എന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.