തിരുവനന്തപുരം: മത്സ്യബന്ധനത്തിനു കടലില്‍പോയപ്പോള്‍ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ട പൂവാര്‍ സ്വദേശികളായ ജോസഫ്, ഡേവിഡ്സണ്‍ എന്നിവരുടെ വീടുകള്‍ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി സന്ദര്‍ശിച്ചു.
കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പ്രത്യേകം പരിശോധിക്കും. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. മത്സ്യഫെഡ്, സഹകരണ സംഘങ്ങള്‍ എന്നിവ വഴിയും സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടത്. ഡേവിഡ്സണ് ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ നീന്തി കരയ്ക്കെത്തുകയും ഒരാളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. സിന്ധുമാത എന്ന ബോട്ടില്‍ ജോസഫിനൊപ്പം പോയ രണ്ടുപേരെയും തീരസംരക്ഷണ സേന രക്ഷപ്പെടുത്തിയിരുന്നു.