പാലക്കാട്:  കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഒരു വീട്ടില്‍ ഏഴില്‍ കൂടുതല്‍ അംഗങ്ങളുണ്ടെങ്കില്‍ അതിലൊരാള്‍ കോവിഡ് ബാധിതനായാല്‍ നിര്‍ബന്ധമായും ഇന്‍സ്റ്റിറ്റുഷണല്‍ ക്വാറന്റൈനില്‍ അല്ലെങ്കില്‍ ഡൊമിസൈല്‍ കെയര്‍ സെന്ററില്‍ പ്രവേശിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ഹോം ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് രോഗികളുടെ വീടുകളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.

പാലക്കാട് മാര്‍ക്കറ്റിലെ വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കുന്നതിന് മേലാമുറി മാര്‍ക്കറ്റില്‍ ഗീതം ബേക്കറിക്ക് എതിര്‍വശത്ത് അടഞ്ഞുകിടക്കുന്ന പേ & പാര്‍ക്ക് തുറക്കുന്നതിനും മാര്‍ക്കറ്റിലേക്ക് വരുന്ന വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്യുന്നതിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാലക്കാട് നഗരസഭാ സെക്രട്ടറിക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി.

കൂടാതെ, മാര്‍ക്കറ്റിന്റെ തെക്കുഭാഗത്തും വടക്കുഭാഗത്തുമുള്ള പോക്കറ്റ് റോഡുകള്‍ അടയ്ക്കുന്നതിന് വേണ്ട നടപടികള്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ പോലീസ് മേധാവി ആര്‍ .വിശ്വനാഥ്, എ.ഡി.എം എന്‍.എം. മെഹ്റലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. പി റീത്ത എന്നിവര്‍ പങ്കെടുത്തു.