മലപ്പുറം: കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ വീണ്ടുമൊരു പുതിയ അധ്യയന വര്‍ഷവും കൂടി. കുട്ടികള്‍ വിദ്യാലയങ്ങിളിലെത്തുന്ന പതിവ് രീതിക്ക് വിപരീതമായി വിദ്യാലയവും അധ്യാപകരും കുട്ടികളിലേക്കെത്തിയ ഒരു അധ്യയന വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഈ അനുഭവ സമ്പത്തിന്റെ കൂടി വെളിച്ചത്തിലാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും അണിയറ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് നീങ്ങുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) സഹായത്തോടെയാണ് ഓരോ ക്ലാസുകളിലേക്കുമുള്ള വിഷയങ്ങളുടെ ചിത്രീകരണം നടക്കുന്നത്. കൈറ്റിന്റെ ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ക്ക് കഴിഞ്ഞ അധ്യയന വര്‍ഷം വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷവും അധ്യയനം ഓണ്‍ലൈനാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ജില്ലയില്‍ കൈറ്റിന്റെ നിലവിലെ ഹാള്‍ കോവിഡ് വാര്‍ റൂമാക്കി മാറ്റിയതിനാല്‍ മലപ്പുറം ബോയ്സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് ക്ലാസുകളുടെ ചിത്രീകരണവും എഡിറ്റിംഗ് ഉള്‍പ്പടെ അനുബന്ധ പ്രവൃത്തികളും നടത്തുന്നത്. കൈറ്റിന്റെ തന്നെ ഉപകരണങ്ങളാണ് ചിത്രീകരണത്തിനായി ഉപയോഗപ്പെടുത്തുന്നത്. മെയ് 24ന് ആരംഭിച്ച അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്കുള്ള ശാസ്ത്രം, കണക്ക് വിഷയങ്ങളുടെ 12 എപ്പിസോഡുകളുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇനി എഡിറ്റിംഗ് ജോലികള്‍ മാത്രമാണ് അവശേഷിക്കുന്നത്. യൂടൂബിലേക്കും വിക്ടേഴ്സ് ചാനലില്‍ സംപ്രേക്ഷണത്തിനുമായി വെവ്വേറെ ഫയലുകളാണ് ഇവിടെ നിന്നും സംസ്ഥാനത്തേക്ക് അയക്കുന്നത്. പ്ലസ് വണ്‍ ക്ലാസിലേക്കുള്ള അറബിക്, ഫിസിക്സ് വിഷയങ്ങളുടെ ചിത്രീകരണം അടുത്ത ദിവസം തന്നെ പൂര്‍ത്തീകരിക്കും.
വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ തന്നെയാണ് വീഡിയോ ചിത്രീകരിക്കുന്നതിനായി സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നത്. ഇത്തരത്തില്‍ തയ്യാറാക്കുന്ന സ്‌ക്രിപ്റ്റിന് എസ്.ഇ.ആര്‍.ടി യുടെ അംഗീകാരം ലഭിച്ച ശേഷംമാത്രമാണ് ചിത്രീകരണം ആരംഭിക്കുക. തുടര്‍ന്ന് ചിത്രീകരിച്ച വീഡിയോ ബന്ധപ്പെട്ട അധ്യാപകരുടെ തന്നെ മേല്‍നോട്ടത്തില്‍ എഡിറ്റിംഗ് പൂര്‍ത്തിയാക്കും. ശേഷം ഇതിന്റെ പകര്‍പ്പ് ഒരു വിദഗ്ധന്റെ സഹായത്തോടെ വിലയിരുത്തിയതിന് ശേഷമാണ് സംപ്രേക്ഷണത്തിനായി നല്‍കുക.