കോവിഡ് രോഗ പ്രതിരോധം ലക്ഷ്യമിട്ട് അട്ടപ്പാടിയിലെ ഊരുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ ക്യാമ്പുകള്‍ സജീവമായി നടക്കുന്നതായി അട്ടപ്പാടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജൂഡ് ജോസ് തോംസണ്‍ അറിയിച്ചു. ഊരുകളിലെ 45 വയസിന് മുകളിലുള്ള 60 ശതമാനം പേര്‍ക്കും ഇതിനോടകം വാക്സിന്‍ നല്‍കി കഴിഞ്ഞു. 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ പുരോഗമിക്കുന്നതായും അടുത്ത ഒരു മാസത്തിനകം ഊരുകളില്‍ എല്ലാവര്‍ക്കും വാക്സിനേഷന്‍ എത്തിക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ആനവായ്, തുഡുക്കി, ഗലസി ഉള്‍പ്പടെയുള്ള ഉള്‍പ്രദേശങ്ങളിലെ ഊരുകളില്‍ പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ വനത്തിലൂടെ കിലോമീറ്ററുകള്‍ നടന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടെത്തി വാക്സിനേഷന്‍ എടുപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിലും അത് തുടരും.
ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ തൂവ, ഉറിയന്‍ചാള, മൂലഗംഗല്‍, വെള്ളക്കുളം, വെച്ചപ്പതി തുടങ്ങിയ വിദൂര ആദിവാസി ഊരുകളില്‍ പകല്‍ സമയം ഊരുനിവാസികള്‍ ആടുകളും പശുക്കളും മേയ്ക്കാന്‍ കാട് കയറി പോവുന്നതിനാല്‍ വൈകുന്നേരങ്ങളില്‍ ഊരുകളിലെത്തി ഇവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നുണ്ട്.

ഊരുകളില്‍ കോവിഡ് പോസിറ്റീവാകുന്ന ഗര്‍ഭിണികള്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുന്നതിനായി അഗളി സി.എച്ച്.സി.യിലെ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി ആവശ്യമായ പരിചരണം ഉറപ്പുവരുത്തുന്നുണ്ട്. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ സജ്ജമാക്കുന്നതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഊരുകളില്‍ വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നവരെ ഊരുമൂപ്പന്‍ മുഖേന ബോധവത്ക്കരണം നടത്തുന്നുണ്ട്. ആദ്യം ഊരുമൂപ്പന് വാക്സിന്‍ എടുത്ത് പ്രശ്നങ്ങളൊന്നുമില്ലെന്ന് ധരിപ്പിച്ച ശേഷമാണ് മറ്റുള്ളവരില്‍ വാക്സിന്‍ എടുക്കുന്നത്.

ഇത്തരത്തില്‍ വരും ദിവസങ്ങളില്‍ എല്ലാവരിലേക്കും വാക്സിന്‍ എത്തിക്കാനാണ് ശ്രമമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടാതെ, മൂന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍, ഒരു സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍, ഒരു കോവിഡ് ആശുപത്രി, നാല് ഡൊമിസിലറി കെയര്‍ സെന്റര്‍ എന്നിവടങ്ങളിലായി 587 കിടക്കകളും കോവിഡ് ചികിത്സക്കായി സജ്ജമാക്കിയിട്ടുണ്ട്.