കൊല്ലം: ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിരം ഡി.സി.സി(ഡൊമിസിലറി കെയര്‍ സെന്റര്‍) ആരംഭിക്കുമെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. നിലവില്‍ കരുനാഗപ്പള്ളി, മയ്യനാട് പ്രദേശങ്ങളിലെ സ്‌കൂളുകളിലാണ് അതിഥി തൊഴിലാളികള്‍ക്ക് താല്‍ക്കാലിക ഡി.സി.സി. പ്രവര്‍ത്തിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ ഡി.സി.സികളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. വൃദ്ധസദനങ്ങള്‍, പട്ടികജാതി/പട്ടികവര്‍ഗ കോളനികള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കും. ബാങ്കുകള്‍ക്ക് സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് സ്വന്തം നിലയില്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിന് അനുമതിയായി. പ്രവാസികള്‍ക്ക് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ വീടുകളിലും പരിസരങ്ങളിലും തൊഴിലിടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഡ്രൈ ഡേ ആചരിക്കണമെന്നും നിര്‍ദേശമുണ്ട്. മെയ് 31 വരെ കാലാവസ്ഥാ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജാഗ്രതാ നിര്‍ദേശങ്ങള്‍ അനൗണ്‍സ്‌മെന്റിലൂടെ നല്‍കും.
