** ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
** ഇവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 34നു മുകളില്‍
തിരുവനന്തപുരം:ജില്ലയില്‍ 15 പഞ്ചായത്തുകളില്‍ കോവിഡ് വ്യാപനം രൂക്ഷം. ഈ പ്രദേശങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ആനാട്, അരുവിക്കര, അഴൂര്‍, ഇടവ, കഠിനംകുളം, കല്ലിയൂര്‍, കാരോട്, കിഴുവിലം, കോട്ടുകല്‍, മാണിക്കല്‍, നഗരൂര്‍, ഒറ്റശേഖരമംഗലം, വെങ്ങാനൂര്‍, വെട്ടൂര്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകളെയാണു ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 34 ശതമാനത്തിനു മുകളിലാണ്.
നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു പുറമേ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഈ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഭക്ഷ്യവസ്തുക്കള്‍, പഴം, പച്ചക്കറികള്‍, പാല്‍ ഉത്പന്നങ്ങള്‍, ഇറച്ചി, മത്സ്യം, കാലിത്തീറ്റ എന്നിവ വില്‍ക്കുന്ന കടകള്‍ക്കും ബേക്കറികള്‍ക്കും രാത്രി 7.30 വരെ മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ. ഇവിടെ പത്ര വിതരണം രാവിലെ എട്ടിനു മുന്‍പു പൂര്‍ത്തിയാക്കണം.
റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍ അടക്കമുള്ള ന്യായവില സ്ഥാപനങ്ങള്‍, പാല്‍ ബൂത്തുകള്‍ എന്നിവ വൈകിട്ട് അഞ്ചിനു ശേഷം പ്രവര്‍ത്തിക്കാന്‍ പാടില്ല. റെസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതല്‍ വൈകിട്ട് 7.30 വരെയേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഇവിടങ്ങളില്‍ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഒരു കാരണവശാലും ഇരുത്തി ഭക്ഷണം നല്‍കുകയോ പാഴ്‌സല്‍ നല്‍കുകയോ ചെയ്യരുത്.
അവശ്യ സാധനങ്ങള്‍ പരമാവധി തൊട്ടടുത്തുള്ള കടകളില്‍ നിന്നും വാങ്ങണം. ഇതിനായി ദൂരയാത്ര ചെയ്യുന്നത് അനുവദിക്കില്ല. ഇ-കൊമേഴ്‌സ് ഡെലിവറി അവശ്യ സാധനങ്ങള്‍ക്കു മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഇവര്‍ ഉച്ചയ്ക്കു രണ്ടു മണിക്കകം ഡെലിവറി പൂര്‍ത്തിയാക്കണം. ചന്തകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കരുത്. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്ന് അനാവശ്യമായി ആളുകള്‍ പുറത്തു പോകുവാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.