എറണാകുളം: ജില്ലയിലെ മഴക്കാല മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ല കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. മഴക്കാലത്തോട് അനുബന്ധിച്ച് വിവിധ വകുപ്പുകൾ സ്വീകരിച്ച മുൻകരുതൽ നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു. ഒരോ തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ടുള്ള മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലയിൽ ആസൂത്രണം ചെയ്യുന്നത്. പൊലീസ് , ഫയർഫോഴ്സ്, ആരോഗ്യം, റവന്യൂ, പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ, കെ എസ് ഇ ബി , വാട്ടർ അതോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് ഇത് സാധ്യമാക്കുനത്.

ഈ വർഷം കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നതെന്ന് കളക്ടർ അറിയിച്ചു. പ്രളയ സാധ്യതാ മേഖലകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സുരക്ഷിത മേഖലകളിലേക്ക് മാറ്റുന്നതിനുമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം മേഖലകളിലുള്ളവർക്ക് സുരക്ഷിതമായ ബന്ധുവീടുകളിലേക്ക് പോകുന്നതിന് നിർദേശം നൽകും. ഒരോ തദ്ദേശ സ്ഥാപനങ്ങളിലും ദുരിതാശ്വാസകേന്ദ്രങ്ങൾ തുറക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. രണ്ട് തരം ദുരിതാശ്വാസ ക്യാമ്പുകളായിരിക്കും ഉണ്ടായിരിക്കുക. ആദ്യത്തേത് കോവിഡ് രോഗികൾ അല്ലാത്തവർക്ക് വേണ്ടിയും രണ്ടാമത്തേത് ഹോം ക്വാറന്റെനിൽ ഉള്ളവർക്കും ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവർക്കും വേണ്ടിയാണ്. കോവിഡ് പൊസിറ്റീവ് ആകുന്നവരെ എഫ് എൽ ടി സി , ഡിസിസി പോലുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും. ക്യാമ്പുകളുടെ പ്രവർത്തനം സംബന്ധിച്ച നടപടി ക്രമങ്ങൾ പ്രത്യേകം തയാറാക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആയിരിക്കും ക്യാമ്പുകളിലുള്ളവരുടെ ആരോഗ്യ സംരക്ഷണവും കോവിഡ് പരിശോധനയും. ഓരോ ക്യാമ്പിന്റെയും ചുമതല വഹിക്കുന്നതിന് വില്ലേജ് ഓഫീസർക്ക് പുറമേ ചാർജ് ഓഫീസർമാരെ ചുമതലപ്പെടുത്തും. ഓരോ താലൂക്കിലെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇൻസിഡന്റ് കമാൻഡർമാരായി തഹസീൽദാർമാരെ നിയോഗിച്ചിട്ടുണ്ട്.

ഇടമലയാർ, ഭൂതത്താൻകെട്ട് ബാരേജ്, മലങ്കര തുടങ്ങിയ ഡാമുകളുടെ സുരക്ഷ സംബന്ധിച്ച് യോഗം വിലയിരുത്തി. ആവശ്യമായ ബോട്ടുകൾ സജ്ജമാക്കാൻ ടൂറിസം, ഫിഷറീസ് വകുപ്പുകൾക്ക് കളക്ടർ നിർദേശം നൽകി. വൈപ്പിനിൽ ഫിഷറീസ് വകുപ്പിന്റെ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മറൈൻ ആംബുലൻസും സജ്ജമാക്കിയിട്ടുണ്ട്. കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ ക്യാമ്പുകൾ തുടങ്ങുന്നതിനുള്ള നടപടി ആരംഭിച്ചതായി മേയർ അഡ്വ. എം. അനിൽകുമാർ അറിയിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപന സമിതി രൂപീകരിക്കണമെന്ന് മേയർ നിർദേശിച്ചു.

മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകളുടെയും യുവജന സംഘടനകളുടെയും സേവനം പ്രയോജനപ്പെടുത്തും. കനാൽ പുറമ്പോക്ക്, പുഴയുടെ തീരങ്ങൾ തുടങ്ങി വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ പട്ടിക തയാറാക്കി പൊലീസിനും ആരോഗ്യ വകുപ്പിനും നൽകും.

അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിനും കൽവർട്ടിലെ ഒഴുക്ക് സുഗമമാക്കുന്നതിനും നടപടി സ്വീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

മുൻ വർഷങ്ങളിൽ അങ്കമാലി നെടുമ്പാശേരി മേഖലകളിൽ വെള്ളപ്പൊക്കത്തിന് കാരണമായ മാഞ്ഞാലി തോട്ടിലെ പോള നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കണ്ടക്കടവ്, പാതാളം, പുറപ്പിള്ളിക്കാവ്, മഞ്ഞുമ്മൽ എന്നീ നാല് ഷട്ടറുകളുടെ അറ്റകുറ്റ പണി നടത്തും.

വീടുകളിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം സജ്ജമായിട്ടുണ്ട്. വെള്ളം കയറാൻ സാധ്യതയുളള ആശുപത്രികളിൽ നിന്ന് മരുന്നുകളും ഉപകരണങ്ങളും വാക്സിനുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്.

എല്ലാ ഓഫീസുകളിലും ഡ്രൈ ഡേ ആചരിക്കുന്നുണ്ടെന്ന് ജില്ലാതല ഓഫീസർമാർ ഉറപ്പാക്കണം. പൈനാപ്പിൾ റബർ തോട്ടങ്ങളിൽ കൊതുക് വളരുന്നത് തടയുന്നതിന് നടപടി സ്വീകരിക്കണം. അടച്ചിട്ട വീടുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കൊതുക് വളരാൻ സാധ്യതയുള്ള പ്രദേശങ്ങളാണ്. അഴുക്ക് വെള്ളത്തിൽ ഇറങ്ങി നിന്ന് ജോലി ചെയ്യേണ്ടി വരുന്നവർ എലിപ്പനി തടയുന്നതിന് ഡി ഓക്സി സൈക്ലിൻ ഗുളികകൾ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഹോട്ടലുകളിൽ ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കും. പൈപ്പ് പൊട്ടി വെള്ളം ലീക്കാകുന്ന സാഹചര്യം ഒഴിവാക്കാൻ വാട്ടർ അതോറിട്ടിക്ക് നിർദ്ദേശം നൽകി. വയറിളക്കം, ഷിഗെല്ല പോലുള്ള ജലജന്യ രോഗങ്ങൾ തടയുന്നതിനാണിത്. വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ വഴി കൊതുക് നശീകരണത്തെക്കുറിച്ചും പരിസര ശുചിത്വത്തെക്കുറിച്ചും അവബോധം നൽകും. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലും ശുചിത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ തൊഴിൽ വകുപ്പ് സ്വീകരിക്കുന്നുണ്ട്. ശ്രദ്ധ വാട്ട്സ് ആപ് ഗ്രൂപ്പ് വഴി ഓരോ വാർഡുകളിലും ആരോഗ്യ വകുപ്പിന്റെ ബോധവൽക്കരണ സന്ദേശം എത്തിക്കുന്നുണ്ട്.

ആർടിഒയുടെ നേതൃത്വത്തിൽ ടോറസ്, ട്രക്ക് , മിനി ബസ് തുടങ്ങിയ വാഹനങ്ങളുടെ ഡാറ്റാ ബേസ് തയാറാക്കിയിട്ടുണ്ട്. അവശ്യ ഘട്ടത്തിൽ ഇത് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ലഭ്യത സംബന്ധിച്ച വിശദാംശങ്ങൾ താലൂക്ക് തല കൺട്രോൾ റൂമുമായി ബന്ധിപ്പിക്കാനും തീരുമാനമായി.