കൊല്ലം: കോവിഡ്-19 ന്റെ പാശ്ചാത്തലത്തില്‍ ജില്ലയിലെ സ്‌കൂള്‍ പ്രവേശനോത്സവം നാളെ (ജൂണ്‍ 1)വെര്‍ച്വല്‍ സംവിധാനം വഴി നടത്തും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 8.30 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കൈറ്റ്-വിക്‌ടേഴ്‌സ് വഴി തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. തുടര്‍ന്ന് ജില്ലയിലെ സ്‌കൂള്‍തല പ്രവേശനോത്സവം നടക്കും.
ജില്ലയില്‍ വിവിധ സ്‌കൂളുകളിലെ 21000 ഓളം കുട്ടികള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുക്കും. കൂടുതല്‍ കുട്ടികള്‍ പങ്കെടുക്കുന്ന വിദ്യാലയങ്ങളില്‍ ക്ലാസ്സ് അടിസ്ഥാനത്തില്‍ അതത് അധ്യാപകരുടെ നേതൃത്വത്തില്‍ പരിപാടി നടത്തും.

ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാലും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും പ്രവേശനോത്സവ സന്ദേശം നല്‍കും. ജില്ലാപഞ്ചായത്തിന് കീഴിലുള്ള ഹൈസ്‌കൂളുകളില്‍ നടത്തുന്ന ചടങ്ങില്‍ പ്രസിഡന്റ് സാം കെ. ഡാനിയല്‍, സ്ഥിരം സമിതി അധ്യക്ഷ•ാര്‍ തുടങ്ങിയവരും ആശംസകള്‍ അറിയിക്കും. കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകളിലെ ചടങ്ങില്‍ മേയര്‍ പ്രസന്ന ഏണസ്റ്റും സ്ഥിരം സമിതി അധ്യക്ഷരും ആശംസാ സന്ദേശം നല്‍കും.

കുട്ടികളുടെ പാട്ടും കഥപറയലും അടക്കമുള്ള കലാപ്രകടനങ്ങള്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്തത് പ്രവേശനോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. അധ്യാപക രക്ഷകര്‍തൃ സമിതിയും തദ്ദേശസ്ഥാപന പ്രതിനിധികളും സ്‌കൂള്‍ അഭ്യുദയകാംഷികളും ഉള്‍പ്പെടുന്ന സംഘടന സമിതി ഓണ്‍ലൈന്‍ യോഗങ്ങള്‍ ചേര്‍ന്ന് സജ്ജീകരണങ്ങളുടെ ഏകോപനം ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ക്കും കലാവാസനകള്‍ക്കും പ്രാമുഖ്യം നല്‍കിയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍ അറിയിച്ചു.