*പരസ്പര കരുതലിന്റെ മഹത്തായ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍*

പരസ്പര കരുതലിന്റെ മഹത്തായ മാതൃകയാണ് അങ്കമാലിയില്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന സിഎസ്എല്‍ടിസിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ 15 മാസമായി കേരളം കോവിഡ് മഹാമാരിയോട് മല്ലിടുകയാണ്. തുടക്കം മുതല്‍ ഇതൊരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ സംവിധാനത്തിന്റെയോ മാത്രം പോരാട്ടമല്ല സമൂഹത്തിന്റെ ആകെ പ്രതിരോധമാണ് ഉയര്‍ത്തേണ്ടതെന്ന വ്യക്തത കേരളത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് ബ്രേക്ക് ദ ചെയിന്‍ ക്യാംപെയ്ന്‍ തുടങ്ങിയപ്പോള്‍ ശാരീരിക അകലം സാമൂഹിക ഒരുമ എന്ന ആശയം കേരളം മുന്നോട്ട് വെച്ചത്. ലോകമാകെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്ന ആശയം അവതരിപ്പിച്ചപ്പോള്‍ ശരീരം അകന്നിരിക്കുമ്പോള്‍ തന്നെ സാമൂഹികമായ ഒരുമ എന്ന മാതൃകാപരമായ സന്ദേശമാണ് നാം ഉയര്‍ത്തിയത്. കോവിഡിന്റെ ആരംഭഘട്ടം മുതല്‍ ഇന്നു വരെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്താല്‍ ഈ സന്ദേശം ഉള്‍ക്കൊണ്ടായിരുന്നു സംസ്ഥാനം പ്രവര്‍ത്തിച്ചതെന്നും വ്യക്തം.

സന്നദ്ധ പ്രവര്‍ത്തകരെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിയും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ രംഗത്തിറക്കിയും കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളിലൂടെ മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തും കുറഞ്ഞ ചെലവില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തിയും വാര്‍ഡ്തല സമിതികളിലൂടെ ക്വാറന്റൈനില്‍ കഴിയുന്നവരുടെ മേല്‍നോട്ടം ഉറപ്പുവരുത്തിയും തദ്ദേശ സ്ഥാപനങ്ങളിലൂടെ സാമൂഹ്യ അടുക്കളകള്‍ ഒരുക്കിയും ആണ് ഒറ്റക്കെട്ടായി കേരളം ഈ മഹാമാരിയെ നേരിട്ടത്. വലിയ വിലയ്ക്കാണ് വാക്‌സിന്‍ ലഭിക്കുന്നതെന്ന അവസ്ഥയുണ്ടായപ്പോള്‍ വാക്‌സിന്‍ ചലഞ്ച് എന്ന ആശയം ജനങ്ങള്‍ തന്നെ മുന്നോട്ടുവെച്ച് പരസ്പരം താങ്ങാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു കോടി 20 ലക്ഷം രൂപ ചെലവില്‍ 500 ഓക്‌സിജന്‍ കിടക്കകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍, യുഎസ് ടെക്‌നോളജി ഇന്റര്‍നാഷനല്‍, ഐബിഎസ് സോഫ്റ്റ്‌വെയര്‍, മുത്തൂറ്റ് ഫിന്‍ കോര്‍പ്പ്, ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ്, ഫെഡറല്‍ ബാങ്ക്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്, കാന്‍കോര്‍ ഇന്‍ഗ്രെഡിയന്റ്‌സ്, സണ്ടെക് ബിസിനസ് സൊലൂഷന്‍സ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നീ പത്തു സ്ഥാപനങ്ങളാണ് പദ്ധതിക്ക് സാമ്പത്തിക പിന്തുണ നല്‍കിയത്.

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസായികളില്‍ നിന്നും അവരുടെ സംഘടനയില്‍ നിന്നും ലഭിക്കുന്നത്. മുന്‍പുണ്ടായ ദുരന്തങ്ങളിലും സഹായഹസ്തവുമായി വ്യവസായ ലോകം എത്തിയിട്ടുണ്ട്. നാടിന് ഗുണകരമായ നിലപാട് വ്യവസായികളും വ്യാവസായിക സംഘടനകളും സ്വീകരിക്കണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ബെന്നി ബഹനാന്‍ എംപി, റോജി ജോണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. കെ. കുട്ടപ്പന്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി, സിഐഐ കേരളാ ചെയര്‍മാനും ബ്രാഹ്മിണ്‍സ് ഫുഡ്‌സ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു, സിഐഐ കേരളാ വൈസ് ചെയര്‍മാനും കാന്‍കോര്‍ ഇന്‍ഗ്രെഡിയന്റ്‌സ് സിിഇഒയുമായ ജീമോന്‍ കോര തുടങ്ങിയവര്‍ പങ്കെടുത്തു.