ലോക്ക്ഡൗണും കാലാവസ്ഥ വ്യതിയാനവും പ്രതിസന്ധിയിലാഴ്ത്തിയ കപ്പ കര്‍ഷകര്‍ക്കും മത്സ്യമേഖലയിലെ തൊഴിലാളികള്‍ക്കും ഒരുപോലെ ആശ്വാസമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത്. മഹാമാരി കാലത്ത് ജനകീയ പങ്കാളിത്തത്തോടെ കര്‍ഷകന് ന്യായവില നല്‍കി കപ്പ സംഭരിച്ച് കടലിന്റെ മക്കള്‍ക്ക് സൗജന്യമായി നല്‍കി ഒരേസമയം കര്‍ഷകന് കൈത്താങ്ങും കടലിന്റെ മക്കള്‍ക്ക് കരുതലുമാവുകയാണ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്. പദ്ധതിയുടെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ബെന്‍സീറ നിര്‍വഹിച്ചു. താനൂര്‍ കടപ്പറത്ത് മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.പി. ഷംസുദ്ദീനും വൈസ് ചെയര്‍പേഴ്‌സണ്‍ സി.കെ സുബൈദയും ചേര്‍ന്ന് കപ്പ ഏറ്റുവാങ്ങി. മുന്‍സിപ്പല്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ കടപ്പുറത്ത് കപ്പ വിതരണം ചെയ്തു.

വേങ്ങര ബ്ലോക്കിന് കീഴിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി ശേഖരിച്ച 10 ടണ്‍ കപ്പയാണ് താനൂര്‍ തീരദേശ മേഖലയില്‍ സൗജന്യമായി വിതരണം ചെയ്തത്. പദ്ധതി വഴി കപ്പ കര്‍ഷകര്‍ക്ക് കിലോക്ക് ഏഴ് രൂപ വീതം ലഭിച്ചു. വേങ്ങരയുടെ സ്‌നേഹം ഇനി കടലിന്റെ മക്കള്‍ക്കും എന്ന സന്ദേശമുയര്‍ത്തി കര്‍ഷകന് കൈത്താങ്ങും കടലിന്റെ മക്കള്‍ക്ക് കരുതലും നല്‍കുകയാണ് പദ്ധതിയിലൂടെ വേങ്ങരക്കാര്‍. ജനപ്രതിനിധികളുടെയും കൃഷി ഓഫീസര്‍മാരുടെയും സഹായത്തോടെയാണ് പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാനായി പദ്ധതി നടപ്പിലാക്കിയത്. വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി സഫീര്‍ ബാബു, മെമ്പര്‍മാരായ പറങ്ങോടത്ത് അബ്ദുല്‍ അസീസ്, പി.കെ റഷീദ്, നാസര്‍ പറപ്പൂര്‍, എ.പി അസീസ്, എ.ഡി.എ പ്രകാശ് പുത്തന്‍മഠത്തില്‍, എച്ച്.സി ടി. എസ് അഖിലേഷ്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഇ.കെ സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു.