മഴക്കാലത്തുണ്ടാകുന്ന രോഗങ്ങളെ തടയുന്നതിന് തദ്ദേശ ഭരണ സ്ഥാപനതലത്തില്‍ സ്വീകരിച്ചിരിക്കുന്ന ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനിയുടെ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുനിസപ്പല്‍ ചെയര്‍ പേഴ്‌സണ്‍മാര്‍, സെക്രട്ടറിമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. വെള്ളം കെട്ടിനിന്ന് കൊതുകു വളരുന്ന സാഹചര്യം പരിപൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് തദ്ദേശസ്ഥാപന തലത്തില്‍ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ ആഴ്ചയും വാര്‍ഡുതല കര്‍മ്മസമിതിയും ആരോഗ്യസേനയും വീടുകളും തോട്ടങ്ങളും സന്ദര്‍ശിച്ച് ഉറവിട നശീകരണം നടത്തുകയും കൊതുകു വളരുന്ന സാഹചര്യം ഇല്ലായെന്ന് ഉറപ്പാക്കണം. സ്വയം ചികിത്സ ഒഴിവാക്കി രോഗം പിടിപെട്ടാല്‍ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങിയുള്ള ആശുപത്രികളില്‍ ചികിത്സ തേടണം. വെള്ളക്കെട്ടില്‍ ഇറങ്ങിപ്പണിയെടുക്കുന്നവര്‍ക്ക് എലിപ്പനിക്കെതിരെയുള്ള ഗുളികകള്‍ നല്‍കുകയും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്യണം. റബ്ബര്‍ തോട്ടങ്ങളില്‍ ചിരട്ടകളില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്നില്ലായെന്ന് ഓരോ വാര്‍ഡ് മെമ്പര്‍മാരും ഉറപ്പാക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായ പ്രചരണം വാര്‍ഡ്തലത്തില്‍ നല്‍കണം. നിലവില്‍ മാലിന്യക്കൂമ്പാരങ്ങള്‍ എവിടെങ്കിലും ഉണ്ടെങ്കില്‍ അത് അടിയന്തിരമായി നീക്കം ചെയ്യണം. മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളില്‍ നിക്ഷേപിച്ച് മാലിന്യക്കൂമ്പാരങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കണം. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്‌ക്കരിക്കണമെന്നും അജൈവമാലിന്യങ്ങള്‍ വൃത്തിയായി ഉണക്കി വീടുകളില്‍ ശേഖരിച്ച് ഹരിതകര്‍മ്മസേനയ്ക്ക് /ആക്രി വ്യാപാരികള്‍ക്കോ കൈമാറുന്നതിനുമുള്ള ഇടപെടലുകള്‍ ഓരോ ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടത്തണം.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌മേരി സെബാസ്റ്റ്യന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സണ്ണി പാമ്പാടി, ജയേഷ് മോഹന്‍, ജെസ്സിമോന്‍ മനോജ്, ശോഭനകുമാരി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രാജന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, ഹരിതകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രമേഷ് പി. എന്നിവര്‍ സംസാരിച്ചു.