തിരുവനന്തപുരം: മഴക്കെടുതിയെത്തുടർന്നു ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനു പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ദിവസവും ഉച്ചവരെ ഒരു ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ, ഫാർമസിസ്റ്റ് എന്നിവരടങ്ങുന്ന സംഘം ക്യാംപിലുണ്ടാകും. പരിശോധനയ്ക്കു പ്രത്യേക മുറിയും സജ്ജമാക്കിയിട്ടുണ്ട്.
17 ദുരിതാശ്വാസ ക്യാംപുകളാണു ജില്ലയിൽ പ്രവർത്തിക്കുന്നത്. കോവിഡ് പരിശോധനയ്ക്കു പുറമേ എല്ലാവർക്കും കൃത്യമായ മെഡിക്കൽ പരിശോധനയും നടത്തുന്നുണ്ട്. എല്ലാ ക്യാംപുകളിലും മുഴുവൻ സമയ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ നിയമിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്നവരെ നിരീക്ഷണത്തിലാക്കുന്നതിനു പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരെ ഡോമിസിലറി കെയർ സെന്ററുകളിലേക്കു മാറ്റും. പ്രാഥമിക സമ്പർക്കപ്പട്ടികയിൽപ്പെട്ട ഹൈ-റിസ്‌ക്ക് ആയിട്ടുള്ളവരെ ഐസൊലേഷൻ സൗകര്യമുള്ള ബന്ധു വീടുകളിലേക്കും മാറ്റും.
1,209 പേരെയാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇതുവരെ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കിയത്. 23 പേർ പോസിറ്റിവ് ആയി. ഇവർക്കായി ചികിത്സാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.